ലക്‌നൗ: ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ബിഎസ്‍‌പി നേതാവ് മായാവതിയുടെ ആരോപണം. വോട്ടിങ് മെഷിനുകളിൽ ക്രമക്കേട് നടന്നിട്ടുണ്ട് ​എന്നും ഏത് ബട്ടണമർത്തിയാലും ബിജെപിക്ക് വോട്ട് ലഭിക്കുന്ന തരത്തിൽ ക്രമീകരിച്ചതാണെന്ന് മായാവതി ആരോപിച്ചു. മുസ്‍ലിം സ്ഥാനാര്‍ഥികളില്ലാത്ത മുസ്‍ലിം ഭൂരിപക്ഷ മേഖലകളില്‍ ബിജെപിക്കുണ്ടായ നേട്ടം പരിശോധിക്കണം. ഉത്തര്‍പ്രദേശിലെ ഫലം അംഗീകരിക്കാനാകില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

2012ലും ഇത്തരത്തില്‍ വോട്ടിങ് മെഷിനുകളില്‍ കൃത്രിമത്വം നടന്നിരുന്നു. പരമ്പരാഗതമായ രീതിയില്‍ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടത്താന്‍ തയാറകണമെന്ന് അവര്‍ വെല്ലുവിളിച്ചു. വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും ബിഎസ്പി പരാതി നല്‍കിയതായാണ് അറിയുന്നത്.

യുപിയിൽ ബിജെപി വൻ മുന്നേറ്റമാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയത്. എസ്‌പി-കോൺഗ്രസ് സഖ്യം രണ്ടാം സ്ഥാനത്തേക്ക് പോയി. ബിഎസ്‌പിക്ക് മൂന്നാം സ്ഥാനത്ത് എത്താൻ മാത്രമേ കഴിഞ്ഞുളളൂ. മോദി തരംഗമാണ് യുപിയിലെങ്ങും അലയടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ