ലക്‌നൗ: രാജ്യം ഉറ്റുനോക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി തരംഗം. ബിജെപി വലിയ വിജയത്തിലേക്ക് മുന്നോട്ട് പോകുമെന്നാണ് സൂചനകൾ. 250 സീറ്റുകളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 160 സീറ്റുകളിൽ ബിജെപി മുന്നിൽ നിൽക്കുകയാണ്. 52 സീറ്റുകളിൽ സമാജ്‌വാദി പാർട്ടി – കോൺഗ്രസ് സഖ്യം മുന്നിട്ട് നിൽക്കുന്നുണ്ട്. 34 സീറ്റുകളിൽ ബിഎസ്പിയും മുന്നിട്ട് നിൽക്കുന്നുണ്ട്.

Read More: യുപി തൂത്തുവാരി ബിജെപി; ഉത്തരാഖണ്ഡിലും മോദി തരംഗം

ഇവിടെ ബിജെപി വിജയിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കും അതു കരുത്താകും. കേന്ദ്രസർക്കാരിന്റെ നയപരിപാടികൾ നടപ്പാക്കലിനു വേഗമേറുകയും ചെയ്യും. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിക്കു സാധ്യത വർധിക്കുമെന്നതും മറ്റൊരു ഘടകമാണ്. അതേസമയം, എസ്‌പി സഖ്യം തോറ്റാൽ കോൺഗ്രസിനും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും അതു വലിയ ക്ഷീണമുണ്ടാക്കും.

ഉത്തർ പ്രദേശിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി ആയിരിക്കുമെന്ന് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. ഉത്തർ പ്രദേശിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് ഇന്ത്യാ ടുഡേ–ആക്സിസ് മൈ ഇന്ത്യാ, ടുഡേയ്സ് ചാണക്യ, എൻഡിടിവി എന്നീ മൂന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. ഇന്ത്യാ ടുഡേ സർവേ 251 മുതൽ 279 വരെ സീറ്റുകളും ചാണക്യ 285 സീറ്റും എൻഡിടിവി 211 സീറ്റുമാണ് ബിജെപിക്ക് പ്രവചിച്ചത്. എന്നാൽ മറ്റ് മൂന്ന് എക്സിറ്റ് പോളുകൾ അനുസരിച്ച് ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ല. എന്നാൽ 160 മുതൽ 195 വരെ സീറ്റുകൾ പാർട്ടി നേടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ