ജയ്പൂർ: ഇന്ത്യൻ സൈന്യത്തിൽ ചേരാനെത്തിയ ഉദ്യോഗാർത്ഥികളുടെ കൈയ്യിൽ നിന്നും പണം പിടിച്ചുപറിച്ച ലഫ്റ്റനന്റ് കേണലിനെ രാജസ്ഥാൻ തീവ്രവാദ വിരുദ്ധ (എടിഎസ്) സംഘം അറസ്റ്റ് ചെയ്തു.  നിയമനത്തിനെത്തുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് വൻതോതിൽ പണം വാങ്ങുന്ന വലിയ കണ്ണിയാണ് രാജസ്ഥാൻ എടിഎസ് ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത്. ഇതിൽ നാല് പേർ കഴിഞ്ഞ ഒരു മാസത്തിനിടെ പിടിയിലായി.

പിടിയിലായ നാല് പേരിൽ നിന്നാണ് മെഡിക്കൽ ഓഫീസറായ ലഫ്റ്റനന്റ് കേണൽ ഡോ.ജഗദീഷ് പുരിയുടെ പങ്കും വെളിച്ചത്ത് വന്നത്. നിയമനത്തിനെത്തുന്ന ഉദ്യോഗാർത്ഥികളുടെ വൈദ്യ പരിശോധന സർട്ടിഫിക്കറ്റ് നൽകിയിരുന്നത്.  നിയമന യോഗ്യത പരിശോധിക്കുന്ന അവസാനത്തെ ഘട്ടമായിരുന്നു ഇത്.

ഒന്നര വർഷത്തിനിടെ 24 പേർക്ക് നിയമവിരുദ്ധമായി വൈദ്യ പരിശോധനയുടെ അനുകൂല റിപ്പോർട്ട് നൽകിയെന്നാണ് ലഫ്റ്റന്റ് കേണലിനെതിരെ തീവ്രവാദ വിരുദ്ധ സംഘം കണ്ടെത്തിയിരിക്കുന്നത്. 35000 മുതൽ 40000 രൂപ വരെ ഓരോ ഉദ്യോഗാർത്ഥിയിൽ നിന്നും വാങ്ങിയെന്നാണ് റിപ്പോർട്ട്.

ചോദ്യം ചെയ്യലിന് ശേഷം, സൈനിക മേധാവികളുടെ അനുമതിയോടെ ഇന്നലെ ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 2006 ൽ സൈന്യത്തിൽ ചേർന്ന ഉദ്യോഗസ്ഥൻ ഇതിന് മുൻപ് ഡൽഹിയിലും റായ്ബറേലിയിലുമാണ് ജോലി ചെയ്തിരുന്നത്.

മെയ് 23 നാണ് മിലിട്ടറി ഇന്റലിൻസ് വിവരം പ്രകാരം  അർജുൻ സിംഗ്, നന്ദ് സിംഗ് റാത്തോഡ്, സുനിൽ വ്യാസ്, മഹേന്ദ്ര വ്യാസ് എന്നിവരെ തീവ്രവാദ വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്.  1.79 കോടി രൂപയും ഉദയ്പൂറിലെ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്ന നാല് ഉദ്യോഗാർത്ഥികളുടെ രേഖകളും ഇവരിൽ നിന്ന് പിടികൂടിയിരുന്നു.

ഇവരിൽ നിന്ന് സഹായം ലഭിച്ച എത്ര പേർ സൈന്യത്തിൽ ചേർന്നിട്ടുണ്ടെന്ന് അന്വേഷിക്കുന്നുണ്ട്. 24 പേർക്ക് സഹായം നൽകിയെന്നാണ് ഡോക്ടർ ഇപ്പോൾ സമ്മതിച്ചിരിക്കുന്നതെന്ന് അന്വേഷണ ചുമതലയിലുള്ള ഉദ്യോഗസ്ഥൻ ഉമേഷ് മിശ്ര പിടിഐയോട് പറഞ്ഞു.

 

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ