ചെന്നൈ: പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്രത്തിന്റെ നിയമഭേദഗതിയില്‍ പ്രതികരണവുമായി നടന്‍ കമല്‍ഹാസന്‍. ഓര്‍ഡിനന്‍സിലെ പ്രായപരിധിയെയാണ് കമല്‍ഹാസന്‍ ചോദ്യം ചെയ്തത്. 16 വയസ് വരെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താലും വധശിക്ഷ ലഭിക്കുന്നതിനുള്ള നിയമം കൊണ്ടു വരണമെന്ന് കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഇന്നലെയായിരുന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചത്. ഇതിലെ പ്രായപരിധിക്കെതിരെയാണ് കമല്‍ഹാസന്‍ രംഗത്തെത്തിയിരിക്കുന്നത്.

“എന്തുകൊണ്ടാണ് 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് മാത്രം വധശിക്ഷ? 14, 15, 16 വയസുള്ളവരും കുട്ടികളല്ലേ? എന്തു കാഴ്ചപ്പാടിലാണ് ഈ നടപടിയെന്ന് എനിക്കു മനസിലാകുന്നില്ല,” കമല്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരോടും അനുകൂലികളോടും യൂട്യൂബിലൂടെ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“പെണ്‍കുട്ടികളെ ചാരിത്ര്യം, സത്യസന്ധത എന്നിവയുടെ മൂല്യം പഠിപ്പിക്കുന്നത് പോലെ ആണ്‍കുട്ടികളെ നിര്‍ബന്ധമായും ഉത്തരവാദിത്തം പഠിപ്പിക്കണം. അത് കുടുംബത്തില്‍ നിന്നാണ് ചെയ്യേണ്ടത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്കു വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞദിവസമാണ് അനുമതി നല്‍കിയത്. ഇന്നലെ രാഷട്രപതി ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചു. രാജ്യത്ത് കുട്ടികള്‍ക്കുനേരെ ലൈംഗിക പീഡനം വര്‍ധിച്ചതിനെ തുടര്‍ന്നായിരുന്നു കേന്ദ്രമന്ത്രിസഭാ തീരുമാനം.

സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്കുളള ശിക്ഷ 7 വര്‍ഷത്തില്‍നിന്ന് 10 വര്‍ഷമായി നിയമഭേദഗതിയില്‍ ഉയര്‍ത്തി. ഇതു ജീവിതാവസാനം വരെ തടവുശിക്ഷയായി നീട്ടാം. ബലാല്‍സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ പ്രായം 16 ല്‍ താഴെയാണെങ്കില്‍ ശിക്ഷ പത്തില്‍ നിന്ന് 20 വര്‍ഷം കഠിനതടവായി ഉയര്‍ത്തി. ഇതു ജീവിതാവസാനം വരെ തടവുശിക്ഷയായി നീട്ടാം. 16 ല്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്താല്‍ ജീവിതാവസാനം വരെ കഠിനതടവാണു ശിക്ഷ. പെണ്‍കുട്ടിയുടെ പ്രായം 12ല്‍ താഴെയാണെങ്കില്‍ കുറഞ്ഞത് 20 വര്‍ഷം മുതല്‍ ജീവിതാവസാനം വരെ കഠിനതടവോ വധശിക്ഷയോ ലഭിക്കാം.

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും ഇത്തരം കേസുകള്‍ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. കേസ് അന്വേഷണം 2 മാസത്തിനകം പൂര്‍ത്തിയാക്കണം. കേസിന്റെ വിചാരണയും 2 മാസനത്തിനകം പൂര്‍ത്തിയാക്കണമെന്നും ഓര്‍ഡിനന്‍സിലുണ്ട്.

ബലാല്‍സംഗ കേസുകളിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിലും ഓര്‍ഡിനന്‍സില്‍ നിബന്ധനകളുണ്ട്. 16 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ ബലാല്‍സംഗമോ കൂട്ടബലാല്‍സംഗമോ ചെയ്ത കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ