വിജയവാഡ: ആന്ധ്രപ്രദേശില്‍ കടയ്ക്കല്‍ കത്തിവെക്കും മുമ്പ് നാല് പ്രായമായ അരയാലുകള്‍ക്ക് രക്ഷകനായി തെലുഗുദേശം പാര്‍ട്ടി എംഎല്‍എ. തന്റെ കൈയില്‍ നിന്നും പണമെടുത്താണ് മുറിച്ച് മാറ്റും മുമ്പ് മരങ്ങള്‍ വേരടക്കം പിഴുത് മറ്റൊരിടത്തേക്ക് മാറ്റിയത്.

വിജയവാഡ- മച്ചിലിപ്പട്ടണം ദേശീയപാതയോരത്തെ നാല് മരങ്ങളാണ് തടിഗഡപ്പ പാലത്തിനടുത്തേക്ക് മാറ്റിയത്. പാത വികസിപ്പിക്കാനായി അധികൃതര്‍ മരങ്ങള്‍ മുറിക്കാന്‍ തയ്യാറെടുക്കവെയാണ് പെന്‍മലുരു എംഎല്‍എയായ ബോഡെ പ്രസാദ് രംഗത്തെത്തിയതെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മരം പിഴുത് മാറ്റി സ്ഥാപിക്കാനായി അദ്ദേഹം ക്രെയിനും മറ്റ് സാമഗ്രികളും സ്ഥലത്തെത്തിച്ചു. തന്റെ കൈയില്‍ നിന്നും പണമെടുത്താണ് ഞായറാഴ്ച്ച രാത്രിയോടെ മരങ്ങള്‍ വിജയകരമായി മാറ്റി സ്ഥാപിച്ചത്.
ആദ്യം മരത്തിന്റെ ചില ചില്ലകള്‍ മുറിച്ചുമാറ്റിയതിന് ശേഷം മരത്തിന് ചുറ്റും വലിയ കുഴിയെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ക്രെയിന്‍ ഉപയോഗിച്ച് മരം വേരടക്കം ഉയര്‍ത്തി സ്ഥലത്ത് നിന്നും മാറ്റിയത്. തടിഗഡപ്പയില്‍ നേരത്തേ തയ്യാറാക്കിവെച്ചിരുന്ന വലിയ കുഴിയിലേക്ക് പിന്നീട് മരം നടുകയായിരുന്നു.

താന്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ കാണാറുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നുവെന്ന് അറിഞ്ഞപ്പോള്‍ ദുഖം തോന്നിയെന്ന് പ്രസാദ് വ്യക്തമാക്കിയതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ നിരവധി മരങ്ങള്‍ നമുക്ക് സംരക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

മരങ്ങളുടെ സംരക്ഷണത്തിനായി ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രമുഖരും രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. റോഡുകള്‍ വികസിപ്പിക്കുമ്പോള്‍ മരങ്ങളുടെ പ്രാധാന്യവും അവ നമുക്കേകുന്ന സുരക്ഷയും മനസില്‍ സൂക്ഷിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ