ന്യൂഡൽഹി: എയർ ഇന്ത്യയുടെ എക്കണോമി ക്ലാസുകളിലെ ചെറിയ ദൂര യാത്രകളിൽ ഇനി സസ്യാഹാരം മാത്രം. ചെലവ് ചുരുക്കലിന്റെയും യാത്രക്കാർക്ക് ഭക്ഷണം മാറിക്കൊടുക്കുന്ന സാഹചര്യവും ഒഴിവാക്കുന്നതിനു വേണ്ടിയാണ് പുതിയ നടപടി.

ആഭ്യന്തര സർവീസുകളിൽ എക്കണോമി ക്ലാസിലെ യാത്രക്കാർക്ക് സസ്യാഹാരം മാത്രം വിതരണം ചെയ്യാൻ തീരുമാനിച്ചതായി എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലൊഹാനി പറഞ്ഞതായി ദി ഹിന്ദുവിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആഭ്യന്തര സർവീസിലെയും രാജ്യാന്തര സർവീസിലെയും ബിസിനസ്, എക്സിക്യൂട്ടീവ് ക്ലാസുകാർക്ക് മാംസാഹാരം നൽകുന്നത് തുടരുമെന്നും റിപ്പോർട്ടിലുണ്ട്.

ആഭ്യന്തര സർവീസുകളിൽ 90 മിനിറ്റ് ദൈർഘ്യമുളള എക്കണോമി ക്ലാസിലെ യാത്രക്കാർക്ക് മാത്രമാണ് മാംസാഹാരം നൽകുന്നത് നിർത്തലാക്കിയത്. ഇതിനു മുകളിൽ യാത്ര ചെയ്യുന്നവർക്ക് പഴയ പടി മാംസാഹാരവും സസ്യാഹാരവും ലഭിക്കും. എക്കണോമി ക്ലാസിലെ യാത്രക്കാർക്ക് വെജിറ്റേറിയൻ ഭക്ഷണത്തിനു പകരം നോൺ വെജിറ്റേറിയൻ ഭക്ഷണം നൽകിയ സംഭവം എയർ ഇന്ത്യയിൽ ഉണ്ടായിരുന്നു. ഇത് യാത്രക്കാർക്ക് അതൃപ്തി ഉളവാക്കിയിരുന്നു.

മാത്രമല്ല, ചില യാത്രക്കാർ നോൺ വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തശേഷം പാഴാക്കി കളയുന്നതായും എയർ ഇന്ത്യയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. 50000കോടിയിലധികം രൂപയുടെ കടം എയർ ഇന്ത്യയ്ക്ക് ഇപ്പോഴുണ്ട്. പുതിയ തീരുമാനത്തിലൂടെ ഏഴു കോടിയോളം രൂപ എയര്‍ ഇന്ത്യയ്ക്ക് പ്രതിവര്‍ഷം ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ