ചെന്നൈ: എടപ്പാടി പളനിസ്വാമി സർക്കാരിനെ പുറത്താക്കുമെന്ന് ടി.ടി.വി.ദിനകരൻ. സർക്കാർ ന്യൂനപക്ഷമായിട്ടും ഗവർണർ നടപടി സ്വീകരിക്കുന്നില്ലെന്നും ദിനകരൻ പറഞ്ഞു. അണ്ണാ ഡിഎംകെയിൽനിന്നു ദിനകരനെയും ശശികലയെയും പുറത്താക്കിയതിനു പിന്നാലെയാണ് ദിനകരന്‍റെ പ്രതികരണം.

തനിക്കൊപ്പം ഇപ്പോഴും 21 എംഎൽഎമാരുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എത്രയും വേഗം പളനിസാമി സർക്കാർ രാജിവയ്ക്കണം. ഇല്ലെങ്കിൽ സർക്കാരിനെ മറിച്ചിടാനും മടിക്കില്ലെന്ന് ദിനകരൻ ഭീഷണി മുഴക്കി. ജനറൽ കൗണ്‍സിൽ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നിയമവിരുദ്ധമാണ്. ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും ദിനകരൻ പറഞ്ഞു.

തമിഴ്നാട്ടിൽ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി.കെ.ശശികലയെ നീക്കാൻ ജനറൽ കൗണ്‍സിൽ യോഗത്തിൽ തീരുമാനിച്ചിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ ഓർമ്മയ്ക്കായി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിച്ചിടാനും തീരുമാനമായി.

ഒ.പനീർശെൽവം വിഭാഗവും എടപ്പാടി പളനിസ്വാമി വിഭാഗവും തമ്മിലുണ്ടാക്കിയ സമവായത്തിലാണ് ധാരണ. പാർട്ടിയുടെ പരമോന്നത പദവി ഒഴിച്ചിട്ടതിന് ഒപ്പം പാർട്ടി ചുമതല ഒ.പനീർശെൽവത്തിന് കൈമാറി. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും. ജനറൽ സെക്രട്ടറിയുടെ എല്ലാ ചുമതലകളും അണ്ണാ ഡിഎംകെ സ്റ്റിയറിംഗ് കോർഡിനേറ്ററായ ഒ.പനീർശെൽവത്തിന് നൽകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ