ന്യൂഡല്‍ഹി : അക്കാദമിക് രംഗത്തെ പ്രധാന പ്രസിദ്ധീകരണങ്ങളിലൊന്നായ  ഇക്കണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്കിലിക്ക് (ഇ പി ഡ്ബ്ലിയു)  ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന്‍റെ മാനനഷ്ടക്കേസ്. ‘അദാനി ഗ്രൂപ്പിനു മോദി സര്‍ക്കാരിന്‍റെ 500 കോടി രൂപാ ഉപഹാരം’ എന്ന പേരില്‍ ജൂണ്‍ 24നു പ്രസിദ്ധീകരിച്ച ലേഖനമാണ്  മാനനഷ്ടക്കേസിന് കാരണമായിരിക്കുന്നത്.  ഒരുപക്ഷേ, ഇന്ത്യയുടെ മാധ്യമ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ഒരു  അക്കാദമിക് പ്രസിദ്ധീകരണം  കോർപ്പറേറ്റ് സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും മാനനഷ്ടക്കേസ് നേരിടേണ്ടി വരുന്നത്.

സാമ്പത്തികം, രാഷ്ട്രീയം, സംസ്കാരം, കല, ചരിത്രം സോഷ്യോളജി തുടങ്ങി വിവിധ മേഖലകളിലെ പഠനങ്ങളാണ് ഇ പി ഡ്ബ്ലിയുവിലെ പ്രധാന ഉളളടക്കമാകുന്നത്. ഇന്ത്യയിലും വിദേശത്തും ഒരു പോലെ പ്രശസ്തമായ അക്കാദമിക് പ്രസിദ്ധീകരണമാണ് ഇ പി ഡബ്ലിയു

പ്രത്യേക സാമ്പത്തിക മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഇളവുകള്‍ എങ്ങനെയാണ് അദാനി ഗ്രൂപ്പിനു അഞ്ഞൂറുകോടി രൂപ ലാഭം ഉണ്ടാക്കി നൽകിയത്  എന്നു പറയുന്ന ലേഖനമാണ് ജൂലൈ അഞ്ചിനു ഇക്കണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്കിലിക്ക് ലഭിച്ച മാനനഷ്ടക്കേസ് നോട്ടീസിനാധാരം.

നേരത്തെ ‘ദി വയറി’ നെതിരെയും ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ഇതേ മാനനഷ്ടക്കേസ് നോട്ടീസ് അയച്ചിരുന്നു. ഇക്കണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ ഇതേ ലേഖനത്തിന്‍റെ പുനപ്രസിദ്ധീകരണം ആണ് വയറിനെതിരെയുള്ള മാനനഷ്ടക്കേസിലേക്ക് വഴിവെച്ചത്. ഇക്കണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ എഡിറ്റര്‍ പരഞ്ചോയ് ഗുഹ തക്കുര്‍ത്ത, അദ്വൈത് റാവു പലെപു, ഷിന്‍സാനി ജെയിന്‍, അബിര്‍ ദാസ്ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് അദാനി ഗ്രൂപ്പിനെ ചൊടിപ്പിച്ച ലേഖനം എഴുതിയിരിക്കുന്നത്.

ഇക്കണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ എഡിറ്റര്‍ കൂടിയായ പരഞ്ചോയ് ഗുഹ തക്കുര്‍ത്ത മാധ്യമപ്രവര്‍ത്തകനും അദ്ധ്യാപകനും ഡോക്യുമെന്ററി സംവിധായകനുമാണ്‌. ‘ഗാസ് വാര്‍സ്; ക്രോണി ക്യാപിറ്റലിസം ആന്‍റ ദി അംബാനീസ്’ എന്ന കൃതി ഇന്ത്യയിലെ പ്രകൃതിവാതകങ്ങളുടെ വിലനിയന്ത്രണങ്ങളിലെ ക്രമക്കേടുകളെ തുറന്നുകാട്ടുന്നതാണ്. കോര്‍പ്പറേറ്റ് ചൂഷണങ്ങളെ വെളിപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്‍റെ മറ്റു കൃതികളും.

ഇക്കണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ മാതൃസ്ഥാപനമായ സമീക്ഷാ ട്രസ്റ്റിനയച്ച നോട്ടീസിന്‍റെ കോപ്പി

അദാനി ഗ്രൂപ്പിന്‍റെ മാനനഷ്ടക്കേസ്

ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് നല്‍കിയ മാനനഷ്ടക്കേസ് ഇക്കണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്കിലിയും മറുപടി നല്‍കിയിട്ടുണ്ട്. ഇക്കണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ ലേഖനം ‘സത്യസന്ധമാണ്‌’ എന്നും അതിനു ‘രേഖാമൂലം’ തെളിവുകള്‍ ഉണ്ട് എന്നും അറിയിച്ചുകൊണ്ടും ഇക്കണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്കിലിക്ക് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ ചന്ദ്രചൂര്‍ ഭട്ടാചാര്യ അയച്ച മറുപടി.

വക്കീല്‍ നോട്ടീസിനുള്ള മറുപടി

ഇക്കണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്കിലിയയച്ച മറുപടിയോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നു പരഞ്ചോയ് ഗുഹ തക്കുര്‍ത്ത അറിയിച്ചതായി ‘ദി ക്വിന്റ’ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇക്കണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ കേസിന് ആധാരമായ ലേഖനം  ഇവിടെ വായിക്കാം 

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ