മുംബൈ: അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും പുറത്ത് വന്നെങ്കിലും ഇന്ന് മൃതദേഹം എംബാം ചെയ്യില്ലെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച്ച മാത്രമാണ് മൃതദേഹം എംബാം ചെയ്യുക. തുടര്‍ അന്വേഷണത്തിനായി ദുബായ് പൊലീസ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതോടെയാണ് മൃതദേഹം വിട്ടു നല്‍കുന്നതില്‍ താമസം വരുന്നത്.

ശ്രീദേവിയുടെ മൃതദേഹം ദുബായ് ഖിസൈസിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശ്രീദേവി മരിച്ച് നീണ്ട മണിക്കൂറുകള്‍ ആയിട്ടും മൃതദേഹം ഇന്ത്യയിലെത്തിക്കാൻ വൈകുന്നതിൽ കുടുംബവും സിനിമാ പ്രേമികളും അതീവ ദുഃഖത്തിലാണ്.

ശ്രീദേവി മരിച്ചത് അപകടത്തെ തുടര്‍ന്നെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം. കുളിമുറിയിലെ ജാക്കുസിയില്‍ (ഒരുതരം ബാത്ടബ്ബ്) മുങ്ങി ശ്വാസം മുട്ടിയാണ് ശ്രീദേവി മരിച്ചതെന്നാണ് വിവരം. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഹൃദയാഘാതം മൂലമാണ് നടി മരിച്ചതെന്നായിരുന്നു നേരത്തേ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ നടി ബോധരഹിതയായി വെളളത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ശ്വാസകോശത്തില്‍ വെളളം കയറിയാണ് മരണം സംഭവിച്ചത്. മൂന്ന് പേര്‍ക്ക് വരെ കുളിക്കാവുന്ന വിസ്തീര്‍ണമായ ബാത്ടബ്ബാണ് ഹോട്ടലിലേത്. ബോണി കപൂര്‍ കാണുമ്പോൾ ഇതില്‍ മുങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു ശ്രീദേവിയുടെ മൃതദേഹം.

മരണ സര്‍ട്ടിഫിക്കറ്റ്

അനില്‍ അംബാനിയുടെ പ്രൈവറ്റ് വിമാനം ശ്രീദേവിയുടെ ഭൗതിക ശരീരം മുംബൈയിലേക്ക് കൊണ്ട് വരാനായി ദുബായിലെത്തിയിട്ടുണ്ട്. ശ്രീദേവിയുടെ മൃതദേഹം ഉച്ചയോടെ എത്തുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ഫോറൻസിക്, രക്ത പരിശോധന റിപ്പോർട്ടുകൾ ലഭിക്കാൻ വൈകിയതാണ് മൃതദേഹം ഇന്ത്യയിലെത്തിക്കാൻ താമസിച്ചത്. കൂടാതെ കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയതും നടപടികള്‍ വൈകാന്‍ കാരണമായി.

പൊലീസ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതുൾപ്പെടെയുളള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ പബ്ലിക് പ്രോസിക്യൂട്ടർ അനുവദിച്ചയുടനെ മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക് തിരിക്കും. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ശ്രീദേവിയുടെ പാസ്‌പോർട്ട് കാൻസൽ ചെയ്യുന്നതോടെ സ്വകാര്യ വിമാനത്തിൽ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ശനിയാഴ്ച രാത്രിയിലാണ് താമസിച്ചിരുന്ന ദുബായ് എമിറേറ്റ്സ് ടവർ ഹോട്ടലിലെ കുളിമുറിയിൽ ശ്രീദേവി ഹൃദയാഘാതം മൂലം ബോധരഹിതയായി വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവ് ബോണി കപൂറിന്റെ സഹോദരി റീനയുടെ മകനും ബോളിവുഡ് താരവുമായ മോഹിത് മർവയുടെ വിവാഹഘോഷത്തിൽ പങ്കെടുക്കാനാണ് ഭർത്താവിനും മകൾ ഖുഷിക്കുമൊപ്പം ശ്രീദേവി യുഎഇയിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ