ഹൈദരാബാദ്: വിവാഹ അഭ്യർഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. 24 കാരിയായ ജാനകിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അനന്ത് എന്ന യുവാവ് കഴിഞ്ഞ 6 മാസമായി ജാനകിയെ ശല്യം ചെയ്തിരുന്നു. ജാനകി തുടർച്ചയായി ഇത് നിരസിച്ചതോടെ യുവാവ് ജാനകിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഓഫീസർ പറഞ്ഞു.

കെപിഎച്ച്ബി കോളനിയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരാണ് അനന്തും ജാനകിയും. ചൊവ്വാഴ്ച രാത്രി ജാനകിയുടെ താമസസ്ഥലത്ത് എത്തിയ അനന്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ അനന്ത് കത്തി ഉപയോഗിച്ച് മൂന്നു തവണ ജാനകിയെ കുത്തി. അതിനുശേഷം അവിടെനിന്നും പോയി. ജാനകിയുടെ റൂംമേറ്റ് ജോലി കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് ജാനകി ബോധരഹിതയായി കിടക്കുന്നത് കണ്ട്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അനന്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതക കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിൽ വിവാഹ അഭ്യർഥന നിരസിച്ച 24 കാരിയെ യുവാവ് തീ കൊളുത്തി കൊന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ