പട്ന: ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ബിഹാറിലെ പട്ന മെഡിക്കല്‍ കോളേജില്‍ 15 രോഗികള്‍ മരിച്ചു. ആശുപത്രിയില്‍ മരിച്ച രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് 500 ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്.

കഴിഞ്ഞ 20 മണിക്കൂറായി ഡോക്ടര്‍മാര്‍ സമരം നടത്തുന്നതോടെ അത്യാസന്ന വിഭാഗത്തിലെ രോഗികളാണ് മരണപ്പെട്ടത്. ഇതുവരെ 36 ശസ്ത്രക്രിയകള്‍ മാറ്റിവെയ്ക്കുകയും പുതുതായി വരുന്ന രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്ത അവസ്ഥയുമാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ നിരവധി രോഗികളെ അടുത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി പ്രവേശിപ്പിച്ചിട്ടുണ്ട്.

രോഗികളുടെ ബന്ധുക്കളുടെ ആക്രമണത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാരാണ് സമരം നടത്തുന്നത്. രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇത്തരത്തിലുളള ആക്രമണം ഉണ്ടാകുന്നതെന്ന് പിഎംസിഎച്ചിലെ ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ നഴ്സുമാരാണ് ആശുപത്രിയില്‍ രോഗികളെ ശ്രുശൂഷിക്കുന്നത്.

അതേസമയം മുതിര്‍ന്ന ഡോക്ടര്‍മാരെ ആശുപത്രിയില്‍ നിയമിച്ചിട്ടുണ്ടെന്നാണ് മെഡിക്കല്ം‍ കോളേജ് പ്രിന്‍സിപ്പള്‍ വികെ ഗുപ്ത വ്യക്തമാക്കുന്നത്. അതേസമയം ഡോക്ടര്‍മാരെ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും ഇതില്‍ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. ഡോക്ടര്‍മാര്‍ സമരം തുടരുന്നതോടെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ