ലാറ്റിനമേരിക്കൻ കവികളുടെ ഏറ്റവും വലിയ പ്രതിസന്ധി നെരൂദയാണെന്ന് ചിലിയൻ മഹാകവി നിക്കാനൊർ പാർറ (Nicanor Parra) പറഞ്ഞിട്ടുണ്ട്. നെരൂദയുടെ സ്വാധീനത്തെ എങ്ങനെ മറികടക്കും എന്നുള്ളതാണ് അവരുടെ മുന്നിലെ വെല്ലുവിളി. ഏതെഴുത്തിനെയും നെരുദയുടേതുമായി തട്ടിച്ചുനോക്കുന്നതിൽ മനം മടുത്തിട്ടാവണം ‘I am not an improvised Nerudian ‘എന്നു കൂടി പാർറ പറഞ്ഞത്.

റവൂൾ സുദീത്ത (Raul Zurita) പക്ഷേ നെരൂദയെ പ്രതിബന്ധമായിട്ടല്ല കാണുന്നത്. സത്യത്തിൽ നെരൂദയുടെ തുടർച്ചയല്ല, നെരൂദ അവസാനിക്കുന്നതിൽ നിന്നു തുടങ്ങുന്ന ഒന്നാണ് സുദീത്തയുടെ കവിത. നെരൂദയുടെ മുന്തിരിവള്ളികളും ലൈലാക്കുകളുമൊന്നും അതിലില്ല, മരുഭൂമിയിലെ ഉപ്പുപാറയിൽ കൊത്തിയ പരുക്കൻ ശിൽപ്പങ്ങളാണവ.

റവൂൾ സുദീത്ത

അമേരിക്കൻ സഹായത്തോടെ ജനറൽ പിനോച്ചെ ചിലിയിലെ പ്രസിഡന്റ്‌ സാല്‍വഡോര്‍ അയന്ദെയെ 1973 നവംബർ ഒമ്പതിന് പുറത്താക്കി അധികാരം പിടിച്ചെടുത്തതോടെ ആതകാമ മരുഭൂമി ജനങ്ങളുടെ ഹൃദയത്തിലേക്കും പടർന്നു എന്ന് സുദീത്തയുടെ കവിത പറയുന്നു. പിനോഷെയുടെ ഏകാധിപത്യത്തിന്‍റെ രേഖപ്പെടുത്തലാണ് സുദീത്തയുടെ ‘Purgatory’ എന്ന പുസ്തകം.

“എന്‍റെ സുഹൃത്തുക്കൾ ഞാൻ സുഖമില്ലാത്തവളാണെന്നുവിചാരിക്കുന്നു: ഞാനെന്‍റെ കവിൾ പൊള്ളിച്ചതിനാൽ”, എന്ന വരികളിലാണ് പുസ്തകം തുടങ്ങുന്നത്. തുടർന്ന് സുദീത്തയുടെ തന്നെ ഐഡൻഡിറ്റി കാർഡിന്റെ ചിത്രം. തുടർന്ന് മുഖം പൊള്ളിച്ച സ്ത്രീ വീണ്ടും പ്രത്യക്ഷപ്പെടുന്നു: തന്‍റെ പേർ റാഹേലെന്നാണെന്നും ജീവിത മധ്യത്തിൽ തനിക്ക് വഴി തെറ്റിയെന്നും പറയുന്നു: ഏകാധിപത്യം വഴിതെറ്റിച്ച ഒരു മുഴുവൻ ജനതയുടെയും തിരിച്ചറിയൽ കാർഡിൽ രേഖപ്പെടുത്താൻ പറ്റിയ വരികൾ.

 

റാഹേൽ എന്ന സ്ത്രീ ചിലിയുടെ മാത്രമല്ല; ഏകാധിപത്യമനുഭവിക്കുന്ന ഏല്ലാ രാജ്യങ്ങളുടെയും പ്രതീകമാണ്. താനൊരു വിശുദ്ധയാണെന്ന് പറഞ്ഞിട്ട് അവൾ തുടരുന്നു.

” ഞാൻ നിഴലുകളെ തൊട്ടു; ഞാൻ സ്വന്തം കാലുകളിൽ ചുംബിച്ചു; ഞാനെന്നെ അങ്ങേയറ്റം വെറുത്തു.”

ഭ്രാന്തുപിടിച്ച ജനതയുടെ മനോഗതി വിചിത്രമാണ്; മാലാഖമാർ തെരുവുപട്ടികളോട് ഏറ്റുമുട്ടുന്നത് അവിടെ അത്രയൊന്നും അസാധാരണമല്ല:

“ഞാൻ സുഖമില്ലാത്തവളല്ല;
ഞാൻ പറയുന്നത് വിശ്വസിക്കു.
എപ്പോഴുമില്ലെങ്കിലും ഒരിക്കൽ
കുളിമുറിയിൽ വെച്ച് ഞാനൊരു
മാലാഖയുടേതു പോലുള്ള
രൂപം കണ്ടു.
‘നിനക്കു സുഖമല്ലേ, പട്ടീ’
അവൻ പറയുന്നത് ഞാൻ കേട്ടു.”

എങ്കിലും സ്വയം സ്നേഹിക്കാതിരിക്കാനും ആ ജനതക്ക് കഴിയില്ലെന്ന് സുദീത്ത പറയുന്നു. കണ്ണാടിയിൽ മുഖമുടച്ച് ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് അദേഹത്തിന്‍റെ കവിതയും വിലപിക്കുന്നു.

സൗന്ദര്യത്തേക്കാൾ ശക്തിയാണ് സുദീത്തയുടെ കവിതകളിൽ. ഹൃദയത്തിൽ ആണി തറഞ്ഞു കയറുമ്പോൾ ഒലിച്ചിറങ്ങുന്ന ചോരയിൽ ആകാശം പോലും മരുഭൂമിയായി മാറുന്നു.

“അവിടെയാണത്; അവിടെ
അന്തരീക്ഷത്തിൽ തൂങ്ങിനിൽക്കുന്നു
ആതകാമ മരുഭൂമി.
ചിലിയുടെആകാശത്തിൽ തൂങ്ങി നിന്ന്
പ്രഭാവലയങ്ങളിൽ അത് ഇല്ലാതാകുന്നു.

….
ഒടുവിൽ ആകാശമില്ല
ആതകാമ മരുഭൂമി മാത്രം.”

ഏകാധിപത്യത്തിന്‍റെ മരുഭൂമികൾ ഉണ്ടാകുന്നത് നമ്മളും അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ