ഞങ്ങള്‍ അഞ്ചുപേര്‍
ആറ്റിന്‍കരയില്‍ നില്‍ക്കുകയായിരുന്നു.
നാലുപേര്‍ കുടിച്ചു.
കുടിച്ചവരില്‍ രണ്ടുപേര്‍ ആറ്റിലിറങ്ങി കുളിക്കാന്‍ തുടങ്ങി.
ബാക്കി രണ്ടുപേര്‍ കുടി തുടര്‍ന്നു.

കുറച്ചു കഴിഞ്ഞ്,
കുളിക്കാനിറങ്ങിയവര്‍
കരയില്‍ കയറി കുടിക്കാന്‍ തുടങ്ങി ;
കുടിച്ചുകൊണ്ടിരുന്നവര്‍ ആറ്റിലിറങ്ങി കുളിക്കാനും.
കുടിക്കാതെ, കുളിക്കാതെ ഞാന്‍
രണ്ടും നോക്കി തിട്ടയില്‍ നിന്നു.

sudeep t.george,poem,kudi

മലയില്‍ മഴ കുളിച്ചിട്ടൊഴുക്കിവിട്ട
കലക്കവെള്ളത്തിന്‍റെ ഒരുരുള
തലയ്ക്കുമീതേ ഉരുണ്ടുപോയപ്പോള്‍,
കുളിക്കുന്നവരും കൂടി
കരയ്ക്കുകയറി
വീണ്ടും കുടിക്കാരായി.

കുളിച്ച നാലുപേരുചേര്‍ന്നു കുടിക്കുന്നത്
നോക്കിനില്‍ക്കാന്‍ നല്ല രസമാണല്ലോന്ന് വിചാരിച്ച്
ഞാന്‍ നോക്കുമ്പോഴുണ്ട്,
അഞ്ചുപേരെയും കാണുന്നില്ല.

പതിനേഴരയാനകള്‍ പടിഞ്ഞാറോട്ട് ഒലിച്ചുപോയി.
പുഴയാണെങ്കില്‍
കുളി കഴിഞ്ഞ്
കരയ്ക്കു കയറി ലക്കുകെട്ട് ഓടിപ്പാഞ്ഞു നടക്കുകയാണ്.
അതിനു കുടിക്കാനോ ഇനിയൊന്നും ബാക്കിയുമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ