വിമാനയാത്രയില്‍ തൊട്ടടുത്ത സീറ്റില്‍ ഒരു തത്തയോ, കുതിരയോ, ആനയോ, പല്ലിയോ, കുരങ്ങോ, മയിലോ ഒക്കെ വരുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. തമാശയല്ല, സംഗതി ഒരല്പം ഗൗരവമുള്ളതാണ്.  യാത്രക്കാര്‍ക്ക് വൈകാരിക പിന്തുണ നല്‍കാന്‍ മൃഗങ്ങളോ ഇത്തരം ജീവികളോ പക്ഷികളോ ആയി യാത്ര ചെയ്യാമെന്ന നിയമമുണ്ട്. അങ്ങിനെയാണ് കഴിഞ്ഞദിവസം ഒരു യാത്രക്കാരി ആണ്‍ മയിലുമായി യുണൈറ്റഡ് എയര്‍ലൈന്‍സില്‍ യാത്രക്കെത്തയത്.

ന്യൂജഴ്സിയിലെ  നെവാര്‍ക്ക് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വൈകാരിക പിന്തുണയ്ക്കായി ആണ്‍ മയിലുമായി യാത്രക്കെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ മയിലിന് സീറ്റ് നിഷേധിക്കുകയായിരുന്നു അധികൃതര്‍. സീറ്റ് ലഭിക്കാന്‍ അധികച്ചെലവ് വഹിക്കാന്‍ താന്‍ തയ്യാറാണെന്നും ഇമോഷണല്‍ സപ്പോര്‍ട്ട് അനിമലുമായി യാത്ര ചെയ്യാന്‍ തനിക്ക് അവകാശമുണ്ടെന്ന് ഇവര്‍ വാദിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

മയിലിന് ഭാരക്കൂടുതലും വലിപ്പക്കൂടുതലും ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവര്‍ക്ക് അനുമതി നിഷേധിച്ചത്. യാത്രയ്ക്കായി എയര്‍പോര്‍ട്ടില്‍ എത്തുന്നതിനു മുമ്പേ ഇക്കാര്യങ്ങള്‍ തങ്ങള്‍ യാത്രക്കാരോട് വിശദീകരിച്ചിരുന്നുവെന്നും അധികൃതര്‍ പറയുന്നു.

ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ നേരിടുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതാണ് ഇമോഷണല്‍ സപ്പോര്‍ട്ട് അനിമല്‍സ്. രോഗികളുടെ വൈകാരികമായ സ്വാസ്ഥ്യത്തിനാണ് ഇവയെ ഉപയോഗിക്കുന്നത്. ഇത് ചികിത്സയുടെ ഭാഗമാണ്. സാധാരണയായി പട്ടികളോ പൂച്ചകളോ ആണ് ഇതിനായി നിയോഗിക്കപ്പെടുന്നത്. എന്നാല്‍ തത്ത, ആന, കുതിര, പല്ലി, കുരങ്ങന്‍, മയില്‍ എന്നിവയും ഈ വിഭാഗത്തില്‍ പെടുന്നു. പന്നികളേയും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുണൈറ്റഡ് കിങ്ഡം, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഈ സേവനം ലഭ്യമാണ്.

Emotional Support Peacock

യുണൈറ്റഡ് എയര്‍ലൈന്‍സ് കൂടാതെ ഡെല്‍റ്റ എയര്‍ലൈന്‍സ്, എയര്‍ കാനഡ, ജെറ്റ് ബ്ലൂ, അമേരിക്കന്‍ എയര്‍ലൈന്‍സ്, ഫ്രന്റ്‌ലൈന്‍, യുഎസ് എയര്‍വെയ്‌സ് തുടങ്ങി പല വിമാന സര്‍വീസുകളിലും ഇമോഷണല്‍ സപ്പോര്‍ട്ട് അനിമല്‍സുമായി യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. എന്നാല്‍ അതിനാണ് ഇപ്പോള്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വീഴ്ച വരുത്തിയത്. നേരത്തേ ഡെല്‍റ്റ എയര്‍ലൈന്‍സും ഇതു സംബന്ധിച്ച നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. മൃഗങ്ങളെ വിമാനത്തില്‍ ഇരുത്താന്‍ പാകത്തിന് പരിശീലനം നല്‍കിയിട്ടുണ്ടോ എന്ന കാര്യങ്ങളില്‍ ഉള്‍പ്പെടെ കര്‍ശന പരിശോധന വേണമെന്നാണ് പുതിയ മാറ്റങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റ് യാത്രക്കാര്‍ക്കുണ്ടായേക്കാവുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം എന്നാണ് അറിയിപ്പ്.

ഇത്തരത്തില്‍ യാത്രക്കാര്‍ക്കൊപ്പം 2014ല്‍ മാത്രം 25000 ഇമോഷണല്‍ സപ്പോര്‍ട്ട് അനിമല്‍സാണ് യാത്ര ചെയ്തത് എന്നാണ് ജെറ്റ് ബ്ലൂ വക്താവ് പറയുന്നത്. 2013ലെ കണക്കില്‍ നിന്നും ഒരു വര്‍ഷംകൊണ്ട് 11 ശതമാനം വര്‍ദ്ധനവ്. തുടര്‍വര്‍ഷങ്ങളിലെ കണക്കുകള്‍ ലഭ്യമല്ല.

ഇന്ത്യയില്‍ വിമാനയാത്രക്കിടെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചതു പോലെ ഇമോഷണല്‍ സപ്പോര്‍ട്ട് അനിമല്‍സുമായി യാത്ര ചെയ്യാനാകുന്ന കാലവും വിദൂരമാകില്ലെന്നു തോന്നുന്നു.

ചിത്രങ്ങൾക്കു കടപ്പാട് ട്വിറ്റർ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ