ന്യൂയോർക്ക്: ലോകാവസാന പ്രവചനങ്ങൾക്ക് ഒരു പഞ്ഞവുമില്ല. ഇടക്കിടക്ക് ഓരോ ദിവസങ്ങൾ മുൻനിർത്തി ഇത്തരം പ്രവചനങ്ങൾ എത്താറുണ്ട്. ഇത്തരത്തിലുള്ള ഒന്നാണ് നിബിറു എന്ന ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുമെന്നും അത് ലോകാവസാനത്തിന് ഇടയാക്കുമെന്നത്. എന്നാൽ ഇതിനെയെല്ലാം അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രവും മതപുരോഹിതരും തള്ളിയിരുന്നു. എന്നാൽ ഒരിടവേളയ്‌ക്ക് ശേഷം കാണാമറയത്തെ നിബിറു എന്ന ഗ്രഹവും ലോകാവസാനവും വീണ്ടും ചർച്ചയായിരിക്കുകയാണ്. ക്രിസ്ത്രീയ മതഗ്രന്ഥമായ ബൈബിളിലെ ചില വാക്യങ്ങളെ അടിസ്ഥാനമാക്കി ഇവാൻജലിക്കൽ ക്രിസ്ത്രീയ സഭയാണ് ഇത്തവണ ലോകാവസാന പ്രവചനം നടത്തിയിരിക്കുന്നത്. അതും അഞ്ച് ദിവസമകലെ സെപ്‌റ്റംബർ 23ന്.

ബൈബിളിൽ 33 എന്ന നമ്പരിന് പ്രത്യേക സ്ഥാനമുണ്ടെന്ന് ഇവാൻജലിക്കൽ സഭ പുറത്തിറക്കിയ ലോകാവസാന മുന്നിറിയിപ്പ് വീഡിയോയിൽ പറയുന്നു. യേശു ക്രിസ്‌തു ജീവിച്ചിരുന്നത് കൃത്യം 33 വർഷമാണ്. ജൂതദൈവമായ എലോഹിമിനെക്കുറിച്ച് 33 തവണയാണ് ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നത്. ബൈബിളിലെ ഈ സൂചനകളും ജ്യോതിശാസ്ത്രവും ക്രോഡീകരിച്ചാണ് ഇത്തരത്തിൽ ഒരു നിഗമനത്തിൽ എത്തിയതെന്ന് ക്രിസ്‌ത്യൻ സംഖ്യാശാസ്ത്രജ്ഞനായ ഡേവിഡ് മേയ്ഡേ പറയുന്നു. കഴിഞ്ഞ മാസം 21ന് അമേരിക്കയെ ഇരുട്ടിൽ മൂടിയ സൂര്യഗ്രഹണം ഇതിന്റെ ഒരു സൂചനയാണ്. ഈ സംഭവം കഴിഞ്ഞ് കൃത്യം 33 ദിവസമെത്തുമ്പോൾ നിബിറു ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനെത്തും. അതായത് ഈ മാസം 23ന്- ഡേവിഡ് തുടരുന്നു.

എന്നാൽ ഈ ദിവസം തന്നെ ലോകം പൂർണമായും നശിക്കുമെന്ന് ഡേവിഡ് പറയുന്നില്ല. ഒക്‌ടോബർ മാസത്തിന്റെ ആദ്യം മുതൽ ലോകത്തിന്റെ ഒരു ഭാഗം നമ്മൾ ഇതിന് മുമ്പ് കണ്ടത് പോലെ ആയിരിക്കില്ല. ലോകം മുഴുവൻ കുഴപ്പങ്ങൾ പടരുമെന്നും അത് ഭൂമിയുടെ സർവനാശത്തിലേക്ക് നയിക്കുമെന്നും ഡേവിഡ് പറയുന്നു.

എന്നാൽ ഡേവിഡിന്റെ പ്രവചനങ്ങളെ നാസയും ഭൂരിഭാഗം ക്രിസ്‌തീയ സമൂഹവും തള്ളി. ക്രിസ്‌തുമത വിശ്വാസത്തിൽ സംഖ്യാശാസ്ത്രമില്ലെന്ന് പ്രമുഖ ക്രിസ്‌ത്യൻ പുരോഹിതനായ എഡ് സ്ടെസ്‌‌റ്റർ പറഞ്ഞു. നടക്കാത്ത കാര്യങ്ങളെക്കുറിച്ച് പറയാൻ ഇല്ലാത്ത വിഭാഗങ്ങളുണ്ടാക്കുകയാണ് ഡേവിഡ് മേയ്‌ഡേ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ