ഫ്രാങ്ക്ഫര്‍ട്ട്: 1997ല്‍ പാര്‍ക്ക് ചെയ്ത കാര്‍ ജര്‍മ്മന്‍ സ്വദേശിക്ക് തിരികെ കിട്ടിയത് 20 വര്‍ഷം കഴിഞ്ഞ്. ഫ്രാങ്ക്ഫര്‍ട്ടിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്. 76കാരനാണ് 20 വര്‍ഷം മുമ്പ് തന്റെ വാഹനം പാര്‍ക്ക് ചെയ്ത സ്ഥലം മറന്നുപോയത്. അന്ന് ചിലയിടങ്ങളില്‍ വാഹനം അന്വേഷിച്ചെങ്കിലും വാഹനം പാര്‍ക്ക് ചെയ്ത യഥാര്‍ത്ഥ സ്ഥലം അദ്ദേഹം മറന്ന് പോവുകയായിരുന്നു. തുടര്‍ന്ന് കാര്‍ മോഷണം പോയതാണന്ന് കരുതി 56കാരന്‍ അന്ന് പൊലീസിലും പരാതി നല്‍കി.

എന്നാല്‍ അന്ന് പൊലീസ് അധികൃതര്‍ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഇതിനെ സംബന്ധിച്ച ദുരൂഹത മാത്രം ഒഴിഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അടഞ്ഞുകിടന്ന ഒരു വ്യാവസായിക കെട്ടിടത്തിന്റെ പാര്‍ക്കിംഗില്‍ നിന്നാണ് കാര്‍ പൊലീസ് കണ്ടെത്തിയത്. കാലപ്പഴക്കം മൂലം കെട്ടിടം പൊളിച്ചു നീക്കാനെത്തിയവരാണ് കാര്‍ കണ്ടെത്തിയത്. ഇവര്‍ ഉടനെ കെട്ടിട ഉടമയെ വിളിച്ച് അന്വേഷിച്ചെങ്കിലും ഇയാള്‍ കൈ മലര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് 20 വര്‍ഷം മുമ്പ് കാണാതായ വാഹനം ആണിതെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ കാറുടമയെ പൊലീസ് വിവരം അറിയിച്ചു. അപ്പോള്‍ മാത്രമാണ് താന്‍ തന്നെയാണ് ഇവിടെ കാര്‍ പാര്‍ക്ക് ചെയ്തതെന്ന വസ്തുത അദ്ദേഹത്തിന് ഓര്‍മ്മ വന്നത്. തന്റെ മകളേയും കൂട്ടിയാണ് 76കാരന്‍ കാര്‍ തിരിച്ചെടുക്കാന്‍ എത്തിയത്. കാലപ്പഴക്കം കാരണം കേടായിപ്പോയ കാര്‍ മറ്റൊരു വണ്ടിയിലാണ് വീട്ടിലേക്ക് കൊണ്ടുപോയതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈയടുത്ത് ജര്‍മ്മനിയില്‍ തന്നെ സമാനമായ സംഭവം നടന്നിട്ടുണ്ട്. അന്ന് മറന്നുവെച്ച കാര്‍ തിരികെ കിട്ടിയത് രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു. മദ്യപിക്കാനായി മ്യൂണിച്ചിലെ ഒരു ബാറിലെത്തിയ ആളാണ് കാര്‍ മറന്നത്. പിന്നാലെ ഇയാള്‍ കാര്‍ മോഷണം പോയതായി പൊലീസിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ കാര്‍ പാര്‍ക്ക് ചെയ്തെന്ന് പറയുന്ന സ്ഥലത്തിന് 4 കി.മീറ്റര്‍ അകലെ പൊലീസ് വാഹനം കണ്ടെത്തുകയായിരുന്നു. പിന്നാലെ ഇയാള്‍ക്ക് പാര്‍ക്കിംഗ് ഫൈന്‍ അടക്കേണ്ടി വന്നതായും ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ