തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ സെക്രട്ടറിയേറ്റ് ഉപരോധം നടത്തിയ യൂത്ത് കോൺഗ്രസ്-യുവമോർച്ച പ്രവർത്തകർ തമ്മിൽ സംഘർഷം. ഇടതുപക്ഷ സർക്കാരിന്റെ ഒരു വർഷത്തെ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് പ്രവർത്തകർ ഉപരോധം നടത്തിയത്. പ്രവർത്തകർ പരസ്പരം നടത്തിയ കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. പൊലീസ് പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു.

ഇന്ന് രാവിലെ 9.30 ഓടെയാണ് ഇരു പാർട്ടിയിലെയും പ്രവർത്തകർ തമ്മിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഏറ്റുമുട്ടിയത്. സെക്രട്ടേറിയറ്റിന്റെ രണ്ടു ഗേറ്റുകളിലായാണ് പ്രവർത്തകർ തമ്പടിച്ചുനിന്നത്. ഇരു പാർട്ടികളിലെയും പ്രവർത്തകരെ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പൊലീസ് തടഞ്ഞുനിർത്തിയത്. എന്നാൽ ബാരിക്കേഡുകൾ നീക്കി യുവമോർച്ച പ്രവർത്തകർ തളളിക്കയറാൻ ശ്രമിച്ചു.

(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)

യുവമോർച്ച പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊടി കത്തിച്ചു. വടികളും കല്ലുകളും പ്രവർത്തകർ പരസ്പരം എറിയുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായെത്തിയ ഇരുപാർട്ടികളുടെയും നൂറുകണക്കിന് പ്രവർത്തകരാണ് സെക്രട്ടേറിയറ്റ് പരിസരത്തുളളത്. സംഘർഷം നിയന്ത്രിക്കാൻ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ