കൊച്ചി: ജില്ലയില്‍ റിലയന്‍സിന്റെ കേബിളിടാനുള്ള അനുമതി റദ്ദാക്കിയതായി പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ വിവിധറോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണപ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

റിലയന്‍സ് ജിയോയുടെ കേബിളിടുന്നതിനായി ഷണ്‍മുഖം റോഡടക്കം ജില്ലയിലെ പല റോഡുകളുടെയും ടാറിട്ട ഭാഗം പൊളിച്ചതായി ഹൈബി ഈഡന്‍ എംഎല്‍എ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് മന്ത്രിയുടെ ഈ തീരുമാനം.

സര്‍ക്കാറുമായുണ്ടാക്കിയ കരാറിനു വിരുദ്ധമായാണ് കേബിളിടാനായി റിലയന്‍സ് റോഡുകളുടെ ടാറിട്ട ഭാഗം പൊളിക്കുന്നത്. അതിനാല്‍ പുതിയൊരുത്തരവുണ്ടാകുന്നതു വരെ ജില്ലയില്‍ റിലയന്‍സ് കേബിളിടുന്നതിനുള്ള അനുമതി റദ്ദാക്കുന്നതായി മന്ത്രി അറിയിച്ചു. റോഡിലെ ടാറിട്ടഭാഗം പൊളിച്ച് റിലയന്‍സ് കേബിളിട്ട സ്ഥലങ്ങളുടെ പട്ടിക മന്ത്രിക്ക് നല്കാനും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

മഴക്കാലത്ത് റോഡിന്റെ അറ്റകുറ്റപ്പണി നടത്തില്ല. റോഡിന്റെ അറ്റകുറ്റപ്പണിക്കും സംരക്ഷണത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഓഗസ്റ്റില്‍ നല്കും. ശാസ്ത്രീയമായ റോഡ് നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ഉദ്യോഗസ്ഥര്‍ റോഡുകള്‍ തെരഞ്ഞെടുക്കണമെന്നും മന്ത്രി പറഞ്ഞു.

ഫിഫ അണ്ടര്‍ 17 ലോകകപ്പിനായി പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള പ്രവൃത്തികള്‍ കളക്ടറുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് നടപ്പാക്കാന്‍ മന്ത്രി പറഞ്ഞു.

കെ വി തോമസ് എംപി, എംഎല്‍എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, ഹൈബി ഈഡന്‍, ഇബ്രാഹിംകുഞ്ഞ്, അന്‍വര്‍സാദത്ത്, എം സ്വരാജ്, കെ ജെ മാക്‌സി, പിടി തോമസ്, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ