തിരുവനന്തപുരം: മലയാള സിനിമ രംഗത്ത് സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനം. ജസ്റ്റിസ് ഹേമ കമ്മിറ്റിയാണ് റിപ്പോർട്ട് സമർപ്പിക്കുക. കമ്മിറ്റിയംഗങ്ങളുമായി മന്ത്രി ഇന്ന് ചർച്ച നടത്തി.

ജസ്റ്റിസ് ഹേമ, റിട്ട ഐഎഎസ് ഓഫീസർ വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ സമിതിയാണ് ഇക്കാര്യം പരിശോധിക്കുന്നത്. കമ്മിറ്റി രൂപീകരിച്ച് ഒരു വർഷമായിട്ടും നടപടിയൊന്നുമായില്ലെന്ന് വുമൺ ഇൻ സിനിമ കളക്ടീവ് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിനെ തുടർന്നാണ് മന്ത്രി ഇടപെട്ട് ജസ്റ്റിസ് ഹേമ കമ്മിറ്റിയുമായി ചർച്ച നടത്തിയത്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് ശേഷം വുമൺ ഇൻ സിനിമ കളക്ടീവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് സർക്കാർ മൂന്നംഗ സമിതിയെ നിയമിച്ചത്. എന്നാൽ പിന്നീട് ഈ വിഷയത്തിൽ യാതൊരു അന്വേഷണവും നടന്നിരുന്നില്ല.

മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ഓഫീസില്‍ സന്ദര്‍ശിച്ചു. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ കമ്മിറ്റി അംഗങ്ങളായ നടി ശാരദ, വത്സലകുമാരി (റിട്ട. ഐഎഎസ്) എന്നിവരും ഉണ്ടായിരുന്നു. രൂപീകരിച്ചതിന് ശേഷം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്‍റെ മുന്നോടിയായാരുന്നു സന്ദര്‍ശനം. എറണാകുളത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കാനാണ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞു. സര്‍ക്കാരില്‍ നിന്നും എല്ലാ സഹായവും ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് ഉണ്ടാകുമെന്ന് അറിയിച്ചു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാനുള്ള ഈ സംരംഭം ഒരു പക്ഷെ ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ആദ്യമായിരിക്കുമെന്ന് ജസ്റ്റിസ് ഹേമ അഭിപ്രായപ്പെട്ടു. കേരളം പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയാണ്. പുരോഗമന ആശയങ്ങള്‍ അടിസ്ഥാനമാക്കിയ പരിഷ്കാരങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്ന കമ്മീഷനെ നിയോഗിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നത് സിനിമാ രംഗം അത്യധികം പ്രാധാന്യത്തോടെ നോക്കിക്കാണുന്നുണ്ട്.

ഈ അവസരം സിനിമാ രംഗത്തെ എല്ലാവിഭാഗം പ്രവര്‍ത്തകരും സംഘടനയും പ്രയോജനപ്പെടുത്തുമെന്നും കമ്മിറ്റിയുടെ പഠനത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും പ്രത്യാശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ