കൊച്ചി: ആക്രമണത്തിനിരയായ നടിയെ അപമാനിക്കുന്ന തരത്തിലുളള പരാമർശങ്ങൾക്കെതിരെ വുമൺ ഇൻ സിനിമാ കളക്ടീവ് സംഘടന. നടിക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്. ഈ സന്ദർഭത്തിൽ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തിൽ ഉണ്ടായ അഭിപ്രായ പ്രകടനങ്ങൾ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്ന് സംഘടന വ്യക്തമാക്കി. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും വുമൺ ഇൻ സിനിമാ കലക്ടീവ് അപലപിക്കുന്നു. ഇത് നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ പൊതുജനം പ്രത്യേകിച്ച് ചലച്ചിത്ര പ്രവർത്തകർ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് ദയവായി വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെടുന്നതായും സംഘടന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെയും നാദിർഷയെയും ക്രൂശിലേറ്റാൻ ശ്രമിക്കുന്നവർ ചെയ്യേണ്ടത് ൾസർ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നിൽ നുണപരിശോധനക്കായി കൊണ്ടുവരികയാണെന്നായിരുന്നു സലിം കുമാർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തു. ഇതിനെതിരെ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. ഇവിടെ മലയാള സിനിമയിൽ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരിൽ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകൾ.?നിങ്ങൾക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനം?..Women collective ആണോ Women Selective ആണോയെന്ന് ഭാഗ്യലക്ഷ്മി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു.

സംഘടനയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്.ഈ സന്ദർഭത്തിൽ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തിൽ ഉണ്ടായ അഭിപ്രായ പ്രകടനങ്ങൾ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്.2013-ലെ വർമ്മ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചതിനു ശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരം താഴ്ത്തി സംസാരിക്കുന്നതോ അവർക്ക് നേരെയുണ്ടായ അതികമത്തെ റദ്ദാക്കുന്ന തരത്തിൽ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ല. കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യൻ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയിൽ നിർത്തുന്നത് മാപ്പ് അർഹിക്കുന്ന പ്രവർത്തിയുമല്ല. ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും വുമൺ ഇൻ സിനിമാ കലക്ടീവ് അപലപിക്കുന്നു. ഇത് നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ പൊതുജനം പ്രത്യേകിച്ച് ചലച്ചിത്ര പ്രവർത്തകർ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് ദയവായി വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ