തിരുവനന്തപുരം: ആക്രമണത്തിനിരയായ നടിയെ ചാനല്‍ ചര്‍ച്ചയ്ക്കിടെ അപമാനിച്ചവര്‍ക്കെതിരെ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വനിതാ കമ്മീഷനില്‍ പരാതി നല്‍കി. സ്വന്തം നിലയില്‍ നടിക്ക് പിന്തുണ നല്‍കാന്‍ കഴിയുമെന്ന് അറിയിച്ച സംഘടന ‘അമ്മ’യ്ക്ക് അവരുടേതായ നിലയില്‍ മുന്നോട്ട് പോകാമെന്നും അറിയിച്ചു.

അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടിയെ ആക്രമിച്ച സംഭവം ചർച്ചയ്ക്കെടുത്തില്ല. ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് അറിയാമെങ്കിലും ഈ വിഷയം ഉന്നയിച്ചാൽ മാത്രം ചർച്ച ചെയ്യേണ്ടതല്ലെന്നും വിമൺ ഇൻ സിനിമാ കളക്ടീവ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ പറയുന്നു.

ആക്രമണത്തിന് ഇരയായ സഹപ്രവർത്തകയ്ക്ക് വേണ്ട നിയമസഹായം അടക്കമുള്ള എല്ലാ പിന്തുണയും വുമൺ ഇൻ സിനിമാ കളക്ടീവ് നൽകും. ഇരയെ അപമാനിക്കുന്ന രീതിയിലുള്ള എല്ലാ പ്രവർത്തനങ്ങളെയും തടയും. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഇരയെ അപമാനിച്ച സിനിമാ പ്രവർത്തകനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര നടപടിയെക്കണമെന്ന് ആവശ്യപ്പെട്ടതായും വുമൺ ഇൻ സിനിമാ കളക്ടീവ് അറിയിച്ചു. അമ്മയുടെ അംഗത്തിന് സംഘടന പിന്തുണ നല്‍കണമെന്നും വിമണ്‍ കളക്ടീവ് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ