ചെന്നൈ: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയുടെ പേര് പരസ്യമായി പരാമര്‍ശിച്ച നടന്‍ കമല്‍ഹാസന് വനിതാ കമ്മീഷന്റെ നോട്ടീസ്. നടിയുടെ പേര് പരസ്യമാക്കിയ കമല്‍ഹാസന്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മൊഴി നല്‍കാന്‍ നടന്‍ എത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. തൃപ്തമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടനെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കും.

നടിക്ക് പിന്തുണയുമായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സംസാരിക്കവെയാണ് അദ്ദേഹം പേര് പരാമര്‍ശിച്ചത്. “സിനിമാ മേഖലയില്‍ മാത്രമല്ല എല്ലായിടത്തും സ്ത്രീകള്‍ സുരക്ഷിതരായിരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പേര് മറച്ചുവെക്കേണ്ടതില്ല. എന്ത് പേരിട്ട് വിളിക്കുമെന്നതിലല്ല. അവള്‍ക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടതെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു. നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു.

തുടര്‍ന്ന് നടിയുടെ പേര് പറഞ്ഞത് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും അദ്ദേഹം തിരുത്താന്‍ തയ്യാറായില്ല. നേരത്തേ നടിയുടെ പേര് പരാമര്‍ശിച്ച നടന്‍ അജു വര്‍ഗീസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അജുവിനെ വിളിച്ചുവരുത്തിയ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും നടന്റെ ഫോണ്‍ പിടിച്ചെടുത്തു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം നടനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുളള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് ആലോചിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ