തിരുവനന്തപുരം: വനിതാ കമ്മീഷനെതിരെ പ്രകോപനപരമായ പരാമർശം നടത്തിയ പി.സി. ജോർജ് എംഎൽഎയെ വിമർശിച്ച് വനിത കമ്മീഷൻ അദ്ധ്യക്ഷ. കമ്മീഷന് നേരെ വിരട്ടൽ വേണ്ടെന്ന് എം.സി ജോസഫൈൻ തുറന്നടിച്ചു. സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന തരത്തിലുള്ള പ്രസ്താവനകൾ പദവി മറന്നുള്ളതാണെന്നും അദ്ധ്യക്ഷ കൂട്ടിച്ചേർത്തു. പ്രോസിക്യൂഷൻ നടപടികൾക്കുള്ള കമ്മീഷന്‍റെ അധികാരം ഏട്ടിൽ ഉറങ്ങാനുള്ളതല്ലെന്നും അവർ വ്യക്തമാക്കി.

കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്നാണ് പി.സി ജോർജ് എം.എൽ.എ പറഞ്ഞത്. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോയെന്നായിരുന്നു ജോർജിന്‍റെ പരിഹാസം കലർന്ന ചോദ്യം. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ജോർജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അതേസമയം വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണെന്നും അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നെന്നും പരിഹാസരൂപേണ പിസി ജോർജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അവരാദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടതെന്നും നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ താനും ഒപ്പം കൂടുമെന്നും പി സി പറഞ്ഞു.

വിവിധ ഇടങ്ങളിൽവെച്ച് ഇരയായ നടിക്കെതിരെ അപീകീർത്തി പരമായ സംഭാഷണവും, പരാമർശവും നടത്തിയതിനാണ് വനിത കമ്മീഷൻ സ്വമേധയ കേസ് എടുക്കുന്നത്. വനിതാക്കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.

പി.സി ജോർജ്ജിന്റെ മൊഴി എടുക്കാൻ സ്പീക്കറോട് അനുമതി തേടാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. വാർത്താസമ്മേളനങ്ങളിലും ചാനൽ ചർച്ചകളിലും ജോർജ് നടത്തിയ പരാമർശങ്ങൾ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കമ്മീഷൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ