തിരുവനന്തപുരം: തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളിൽ സിപിഐ-സിപിഎം പോര് മുറുകുന്നു. സിപിഐയെ നിശിതമായി വിമർശിച്ചാണ് ഇന്ന് ദേശാഭിമാനി മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. തോമസ് ചാണ്ടി മന്ത്രിയാകുന്നതിന് മുൻപ് നടന്ന സംഭവത്തിലെ പരാതി മുഖ്യമന്ത്രിയെ അറിയിക്കാതെ ജില്ലാ കലക്ടർക്ക് നൽകിയത് എന്തിനെന്നാണ് ദേശാഭിമാനി ചോദിച്ചത്.

“തോമസ് ചാണ്ടിയെന്ന മന്ത്രിക്കെതിരെ റവന്യു മന്ത്രിക്ക് പരാതി ലഭിച്ചപ്പോൾ, അദ്ദേഹം നേരിട്ട് ജില്ലാ കലക്ടറെ അന്വേഷിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു. പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി നടപടിയെടുക്കാനല്ല റവന്യു മന്ത്രി ശ്രമിച്ചത്”, ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.

“2014 ൽ ജില്ലാ കലക്ടറുടെ റിപ്പോർട്ടിന് വിരുദ്ധമായ റിപ്പോർട്ടാണ് 2017 ൽ കലക്ടർ സമർപ്പിച്ചത്. നിയമപ്രകാരം 2017 ലെ റിപ്പോർട്ടിന് സാധുതയില്ല. ഇതിനാലാണ് നിയമോപദേശം തേടിയത്. ഹൈക്കോടതിയിൽ നിന്ന് മന്ത്രിക്കെതിരായ പരാമർശങ്ങൾ കേട്ട ശേഷം മുഖ്യമന്ത്രി എൻസിപി സംസ്ഥാന പ്രസിഡന്റിനെയും മന്ത്രി തോമസ് ചാണ്ടിയെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. സ്ഥിതിഗതികൾ അറിയിച്ച ശേഷം രാജിയാണ് ഉചിതമെന്ന് അറിയിക്കുകയും ചെയ്തു. രാവിലെ 10.30 ന് ശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ച ശേഷം വിവരം പറയാമെന്നാണ് ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചത്. ഈ സാഹചര്യത്തിൽ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ മാത്രം എന്ത് അസാധാരണമായ സാഹചര്യമാണ് അവിടെയുണ്ടായത്?”, എന്ന് ദേശാഭിമാനി ചോദിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ