തിരുവനന്തപുരം: തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെ അവകാശസമരങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കണ്ണൂര്‍ ജില്ലാ കലക്ടറുടെ നടപടികള്‍ അപലപനീയമാണെന്ന് വി.എസ്.അച്യുതാനന്ദന്‍. തികച്ചും ന്യായമായ ആവശ്യങ്ങളുന്നയിച്ച് നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ വിദ്യാർഥികളെ ഉപയോഗിച്ച് നേരിടാമെന്നും, സമരം അട്ടിമറിക്കാമെന്നും കരുതുന്നത് വ്യാമോഹമാണ്.  

തൊഴില്‍ മേഖലയിലെ സംഘടിത ശക്തിയെ കരിനിയമങ്ങളുപയോഗിച്ച് നേരിടാമെന്നത് ഇടതുപക്ഷ കാഴ്ചപ്പാടല്ല. തൊഴിലിനെ ഇടിച്ചുതാഴ്ത്താനും മൂലധനത്തെ സംരക്ഷിക്കാനുമുള്ള ബൂർഷാ താൽപര്യമാണ് കലക്ടര്‍ തന്റെ അധികാരമുപയോഗിച്ച് നടപ്പാക്കാമെന്ന് വ്യാമോഹിക്കുന്നത്.  അതിനു വേണ്ടി, എല്ലാ ആതുര ധാർമികതയും നിയമ ബാധ്യതയും കാറ്റില്‍ പറത്തി, ആശുപത്രി മുതലാളിമാർക്കു വേണ്ടി കങ്കാണിപ്പണി ചെയ്യുകയാണ് ജില്ലാ കലക്ടർ.  ഒരു കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ കലക്ടറുടെ നടപടികളെ ന്യായീകരിക്കാന്‍ തനിക്കാവില്ല. ഇത്തരം നിലപാടുകള്‍ വെച്ചുപുലർത്തുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാർ തയ്യാറാവണമെന്ന് വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ