തിരുവനന്തപുരം: വേതന വർദ്ധനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാർക്ക് പിന്തുണയുമായി മുതിർന്ന സിപിഎം നേതാവും ഭരണ പരിഷ്കരണ കമ്മിഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദൻ. ഇന്ന് വൈകിട്ട് സമര പന്തലിൽ എത്തിയ അദ്ദേഹം നഴ്സുമാർക്ക് വേതനം വർദ്ധിപ്പിച്ച് നൽകാൻ മാനേജ്മെന്റുകളോട് ആവശ്യപ്പെട്ടു.

നഴ്സുമാർ സമരം നടത്തുന്നത് തികച്ചും ന്യായമായ ആവശ്യങ്ങൾ മുൻനിർത്തിയാണ്. സമരം ഒത്തുതീർക്കുന്നതിന് ആരോഗ്യമന്ത്രി ഉടൻ ഇടപെടണം. നഴ്സുമാരുമായി ചർച്ച ചെയ്ത് അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു.

നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശിച്ച ശമ്പളം ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടിയെടുക്കണം. ശമ്പളം വർധിപ്പിക്കാൻ മാനേജ്മെന്റുകളോട് സർക്കാർ ആവശ്യപ്പെടണമെന്നും വിഎസ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം നഴ്സുമാരുടെ സമരം നേരിടാൻ എസ്മ പ്രയോഗിക്കാനുള്ള കേരള ഹൈക്കോടതിയുടെ നിർദ്ദേശം പ്രാവർത്തികമാക്കരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

അതേസമയം, നഴ്സുമാരുടെ സമരം പിണറായി സർക്കാരിന്റെ അന്ത്യമാകുമെന്ന് ആർഎസ്പി നേതാവ് ഷിബുബേബി ജോൺ പറഞ്ഞു. മാനേജ്മെന്റുകൾക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി.

ജനകീയ സമരങ്ങൾക്കെതിരെ എസ്മ പ്രയോഗിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണം. നഴ്സുമാരുമായും ആശുപത്രി ഉടമകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും ചെന്നിത്തല മുഖ്യമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അഭ്യര്‍ഥിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ