തിരുവനന്തപുരം: വർഗ്ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോൺഗ്രസുമായി കൈകോർക്കണമെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് വി.എസ്.അച്യുതാനന്ദൻ. ഇതു സംബന്ധിച്ച് വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു. ബിജെപിയെ പുറത്താക്കാൻ മതേതര കക്ഷികളുമായി സഹകരിക്കണമെന്ന് വിഎസ് കത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് മതേതര സോഷ്യലിസ്റ്റ് പാർട്ടിയാണ്. ഈ വിഷയത്തിൽ പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും കത്തിലുണ്ട്.

വർഗീയ ഫാസിസ്റ്റ് ശക്തികളെ നേരിടുന്നതിന് കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്ന് ഡൽഹിയിൽ നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് സീതാറാം യച്ചൂരി പറഞ്ഞത്. യച്ചൂരിയുടെ നിലപാടിനെ വിഎസ് പിന്തുണയ്ക്കുകയും ചെയ്തു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാസിസമാണെന്നും ഈ വെല്ലുവിളി നേരിടാന്‍ മതേതര പാര്‍ട്ടികളുടെ ബദല്‍ രൂപീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനാണ് പാര്‍ട്ടി മുന്‍കൈ എടുക്കേണ്ടത്. ഇതിലൂടെ മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമായ പാർട്ടിയാണ് സിപിഎമ്മെന്ന് തെളിയിക്കണമെന്നും വിഎസ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ