മലപ്പുറം: ദേശാഭിമാനിയിലെ കോടിയേരി ബാലകൃഷ്ണന്റെ ലേഖനം ജനങ്ങളിൽ ഒറ്റപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനെന്ന് കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. കോടിയേരി എത്ര ലേഖനം എഴുതിയാലും ലോ അക്കാദമി മാനേജ്മെന്റിനുവേണ്ടി എസ്എഫ്ഐയും സിപിഎമ്മും ദാസവേല ചെയ്തതിന്റെ ക്ഷീണം മാറ്റാനാകില്ലെന്നും കോടിയേരി പറഞ്ഞു.

എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ഒരു ഭാഗത്ത് ബിജെപിയും മറുഭാഗത്ത് യുഡിഎഫും പരസ്പര ധാരണയോടെ നിലയുറപ്പിച്ച് പരിശ്രമിക്കുകയാണെന്നും അതിനുള്ള അവസരവും വേദിയുമായി ലോ അക്കാദമി പ്രശ്നത്തെ മാറ്റിയിരുന്നുവെന്നും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി പറഞ്ഞിരുന്നു. ലോ അക്കാദമിയുടെ മറവിൽ കോൺഗ്രസും ബിജെപിയും നടത്തിയത് അന്യായമായ സമരാഭാസമായിരുന്നു. സമരത്തിന്റെ മറവിൽ മുഖ്യമന്ത്രിയെ താറടിക്കാൻ നടന്ന ശ്രമം പ്രതിഷേധാർഹമാണ്. സമരത്തെ ഭൂപ്രശ്നമാക്കി മാറ്റാൻ മാത്രമല്ല മുഖ്യമന്ത്രിയുടെ വാക്കുകൾ വളച്ചൊടിച്ച് ഇല്ലാത്ത അർത്ഥം കൽപ്പിക്കാനുള്ള ശ്രമവും നടന്നതായും ലേഖനത്തിൽ എഴുതിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ