തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്ക് എതിരെ  വിജിലൻസ് അന്വേഷണം ആരംഭിച്ചു. വിജിലൻസിന്രെ പ്രത്യേക യൂണിറ്റാണ് അന്വേഷിക്കുന്നത്.   ചികിത്സാ ചെലവ് അനർഹമായി കൈപ്പറ്റി എന്ന ആരോപണത്തിലാണ് അന്വേഷണം. പ്രാഥമികാന്വേഷണം തുടങ്ങി.

ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നൽകിയ പരാതിയിലാണ് വിജിലൻ അന്വേഷണം ആരംഭിച്ചിട്ടുളളത്.

ആരോഗ്യമന്ത്രി അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്നാണ് പരാതിയിലുളള ആരോപണം. ആരോഗ്യമന്ത്രി 28000 രൂപ വിലയുളള കണ്ണട വാങ്ങിയെന്നും  ഭർത്താവിൻെറ ചികിത്സാചെലവിന് ആശ്രിതൻ എന്ന നിലയിൽ മന്ത്രി പണം പറ്റി എന്നും പരാതിയിൽ പറയുന്നു. മട്ടന്നൂർ നഗരസഭയിലെ മുൻ ചെയർമാനുംമുൻ അധ്യാപകനുമായ മന്ത്രിയുടെ ഭർത്താവ് കെ. ഭാസ്കരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ചെലവുമായി ബന്ധപ്പെട്ടാണ് ഈ ആരോപണം ഉയർന്നത്. പെൻഷൻ ലഭിക്കുന്ന ഭർത്താവിനെ ആശ്രിതനായി കാണിച്ചാണ് ചികിത്സാ ചെലവ് കൈപ്പറ്റിയെതെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു.

ചികിത്സാ ചെലവ് ലഭിക്കുന്നതിനായി നൽകിയ കണക്കുകൾക്കെതിരായാണ്  സുരേന്ദ്രന്രെ ആരോപണം. ആരോപണത്തിൽ കഴമ്പുണ്ടോയെന്നാണ് വിജിലൻസ് അന്വേഷിക്കുന്നത്.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം  മന്ത്രി ശൈലജ നേരത്തെ   നിഷേധിച്ചിരുന്നു.  നിയമപ്രകാരം മന്ത്രിമാര്‍ക്ക്  കുടുംബാംഗങ്ങളുടെ ചികിത്സാ സഹായം ഈടാക്കാം.  ഈ ചട്ടത്തിന്രെ പരിധിയിൽ നിന്നുകൊണ്ടാണ് ആനുകൂല്യങ്ങൾ കൈപറ്റിയിട്ടുളളതെന്നായിരുന്നു. മന്ത്രിയുടെ വിശദീകരണം.

കഴിഞ്ഞ ദിവസം മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ പരാതിയും വിജിലൻസ് അന്വേഷിക്കാൻ ആരംഭിച്ചിരുന്നു. ആലപ്പുഴയിലെ ഭൂമി അനധികൃതമായി നികത്തി എന്ന പരാതിയിലാണ് തോമസ് ചാണ്ടിക്കെതിരെ അന്വേഷണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ