കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ കസ്റ്റഡി കോടതി ഒരു ദിവസം കൂടി നീട്ടി നല്‍കി. അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി നാളെ വൈകിട്ട് അഞ്ച് മണി വരെ നീട്ടിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് ദിലീപിനെ കോടതിയിലെത്തിച്ചത്. ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതൊന്നും പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പറഞ്ഞെങ്കിലും കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയേയും ഇന്ന് കസ്റ്റഡിയില്‍ എടുത്ത് നിര്‍ണായകമായ അന്വേഷണത്തിലേക്ക് പോകാനാണ് പൊലീസിന്റെ നീക്കം. പ്രതീഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇത് കോടതി തളളിയാല്‍ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

പള്‍സര്‍ സുനിയും ദിലീപും നേരിട്ട് സംസാരിച്ചത് ഗൂഢാലോചനക്കായിരുന്നുവെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍ കോടതിയില്‍ വാദിക്കും. അതേസമയം കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ എ സുരേശന്‍ ഇന്ന് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യും.

കൂട്ടബലാത്സംഗം, ഗൂഢാലോചന, ഐടി ആക്ട് തുടങ്ങി ഇരുപത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ നിലപാടെടുക്കും. അതേസമയം പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കരുതെന്ന് പൊലീസും കോടതിയെ അറിയിക്കും.

കൂടുതല്‍ ചോദ്യം ചെയ്യലിനായി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ദിലീപിനെ ഗൂഢാലോചന നടത്തിയ സ്ഥലങ്ങളില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജാരാക്കും.

അതേസമയം, ദിലീപ് നൽകിയ മൊഴികളിലെ പൊരുത്തക്കേടു മനസ്സിലാക്കിയ പൊലീസ്, ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തിയെന്നു സൂചനയുണ്ട്. മാധ്യമം ഓൺലൈൻ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണ സംഘം തയാറായില്ല. അന്വേഷണം പൂർത്തിയാക്കും മുൻപു കാവ്യാ മാധവൻ, അമ്മ ശ്യാമള, സംവിധായകനും നടനുമായ ലാൽ, പി.ടി.തോമസ് എംഎൽഎ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു.

കുറ്റം മറച്ചുവയ്ക്കാൻ പ്രതിയെ സഹായിച്ചതായി സംശയിക്കപ്പെടുന്ന രണ്ട് എംഎൽഎമാർ, മുഖ്യപ്രതി സുനിൽകുമാറിന്റെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ എന്നിവർക്കുള്ള ചോദ്യാവലി പൊലീസ് തയാറാക്കി. ആദ്യഘട്ടത്തിൽ നടൻ ദിലീപിന് അനുകൂലമായി മൊഴിനൽകിയ മുഴുവൻ പേരെയും പൊലീസ് വീണ്ടും ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ