പാലക്കാട്: വാളയാറിൽ ഒന്നര മാസത്തിനിടെ സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥലം എസ്ഐക്ക് സസ്പെൻഷൻ. സംഭവത്തിൽ പൊലീസ് ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് ഉന്നത പൊലീസുദ്യോഗസ്ഥരുടെ വിശകലനത്തിൽ വ്യക്തമായി. ആദ്യത്തെ കുട്ടി മരിച്ചപ്പോൾ അന്വേഷണം നേരായ വഴിക്ക് നടന്നിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് ഉന്നത പൊലീസ് സംഘം കണ്ടെത്തി. ഇതോടെയാണ് എസ്ഐ പിസി ചാക്കോയെ സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചത്.

ജനുവരി 13 നാണ് ഇവിടെ കൃതിക (12), ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  സഹോദരി ശരണ്യ(ഒൻപത്)യെ ഇതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ മാർച്ച് നാലിന് കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്. കൃതിക ബന്ധുവിന്റെ പീഡനത്തിന് ഇരയായെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി അമ്മ പിന്നീട് വ്യക്തമാക്കിയിരുന്നു. കൃതിക മരിച്ച് 52 ദിവസങ്ങൾക്ക് ശേഷമാണ് ശരണ്യ മരിച്ചത്.

ഒറ്റമുറി വീടിന്റെ ഉത്തരത്തിലേക്ക് പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് കൈ എത്തില്ലെന്നും, ആത്മഹത്യ ചെയ്യാനുള്ള സാധ്യതകൾ കുറവാണെന്നും അഭിപ്രായമുയർന്നപ്പോഴാണ് പൊലീസിന്റെ നിഷ്ക്രിയത്വം ചർച്ചയായത്.

ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. അഞ്ചുപേരടങ്ങുന്നതാണ് കുടുബം. അച്ഛനമ്മമാർ കെട്ടിട നിർമാണ തൊഴിലാളികളാണ്. അവർ പണി കഴിഞ്ഞ് മടങ്ങിയെത്തുന്നതിന് മുമ്പാണ് രണ്ട് മരണങ്ങളും സംഭവിച്ചത്. മൂത്ത സഹോദരിയെ മരിച്ച നിലയിൽ ആദ്യം കാണുന്നത് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയാണെന്ന് നാട്ടുകാർ പറയുന്നു. അന്ന് സഹോദരിയെ മരിച്ച നിലയിൽ കാണുന്നതിന് മുമ്പ് വീട്ടിലേയ്ക്ക് വരുന്പോൾ രണ്ടുപേർ ടവൽ കൊണ്ട് മുഖം മറച്ച് പോകുന്നതായി കുട്ടി മൊഴി നൽകിയിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ ഇതേ കുറിച്ചൊന്നും പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ