ന്യൂഡൽഹി: മതിയായ ഹാജരില്ലാത്തതിനാൽ ഏജീസ് ഓഫീസിലെ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യൻ ഫുട്ബോളർ സി.കെ.വിനീതിന് പിന്തുണയുമായി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ. കായിക താരങ്ങളെ അവഗണിക്കുന്ന ഇത്തരം നടപടികളോട് യോജിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇക്കാര്യത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു.

“ഇന്ത്യൻ ഫുട്ബോളിലെ മികച്ച താരങ്ങളിലൊരാളാണ് സി.കെ.വിനീത്. അദ്ദേഹത്തെ പോലൊരു താരത്തെ പുറത്താക്കിയ നടപടി ശരിയായി തോന്നുന്നില്ല. കായിക താരങ്ങളെ ഇത്തരത്തിൽ അവഗണിക്കുന്ന നടപടിയോട് യോജിക്കാൻ സാധിക്കില്ല. ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ട്. കേന്ദ്ര കായിക മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഫുട്ബോൾ ടീം അംഗവും മലയാളിയുമായ സി.കെ.വിനീതിനെ ഏജീസ് ഓഫീസിൽ നിന്ന് പുറത്താക്കുന്ന കാര്യം നേരത്തേ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഇന്നലെ ഇതിന്റെ ഉത്തരവ് പുറത്തുവന്നതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിനീതിനെ പുറത്താക്കിക്കൊണ്ട് ഏജീസ് ഓഫീസ് തയ്യാറാക്കിയ ഉത്തരവിന്റെ പകർപ്പ് സോഷ്യൽ മാധ്യമങ്ങൾ വഴി പ്രചരിച്ചു.

സ്പോർട്സ് ക്വാട്ടയിൽ ഏജീസ് ഓഫീസിൽ നിയമനം നേടിയ വിനീതിന് മതിയായ ഹാജരില്ലാത്തതാണ് പുറത്താക്കലിന് കാരണമായി ചൂണ്ടിക്കാട്ടിയത്. പ്രൊഫഷണൽ ഫുട്ബോൾ രംഗത്ത് തിളങ്ങി നിൽക്കുന്ന കളിക്കാരന് സ്വന്തം തൊഴിൽ സ്ഥാപനം വേണ്ട പിന്തുണ നൽകാത്തതിനെ പൊതുസമൂഹം വിമർശിച്ചിരുന്നു.

ഓഡിറ്റർ തസ്തികയിലായിരുന്നു സി.കെ.വിനീതിന് ജോലി.കഴിഞ്ഞ ഒരു വര്‍ഷം മാത്രമാണ് എജീസ്‌ ഓഫീസില്‍ നിന്നും ഇദ്ദേഹം വിട്ടുനിന്നത്. പ്രൊഫഷണല്‍ ഫുട്ബോൾ കളിക്കുന്ന സമയത്ത് തന്നെ ഏജീസ് ഓഫീസിന് വേണ്ടി ഇദ്ദേഹം ജഴ്സിയണിഞ്ഞിരുന്നു. ദേശീയ ടീമില്‍ കളിക്കുന്ന സമയത്തു മാത്രമാണ് എജീസിന്‍റെ കളികളില്‍ നിന്നും വിട്ടുന്നില്‍ക്കേണ്ടി വന്നതെന്ന് സി.കെ.വിനീത് വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ