കൊച്ചി: ജനതാദൾ യുണൈറ്റഡ് കേരള ഘടകം മുന്നണി മാറ്റത്തിനൊരുങ്ങുന്നുവെന്ന സൂചനകൾ നൽകി നേതാവ് ഷെയ്ക് പി.ഹാരിസ്. യുഡിഎഫിൽ തങ്ങൾ ഉന്നയിച്ച പരാതികൾക്ക് പരിഹാരം ആയിട്ടില്ലെന്നും പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

“അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാകും. യുഡിഎഫിൽ വന്ന ശേഷം ജനതാദൾ യുണൈറ്റഡിന് കനത്ത നഷ്ടമാണ് ഉണ്ടായത്. യുഡിഎഫിന് മുന്നിൽ ജെഡിയു സമർപ്പിച്ച പരാതികൾക്കൊന്നും പരിഹാരമായില്ല. ഈ സാഹചര്യത്തിൽ മുന്നണിമാറ്റം അനിവാര്യമായിരിക്കുകയാണ്”, അദ്ദേഹം പറഞ്ഞു.

തങ്ങളുന്നയിച്ച പരാതികൾ പരിഹരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “ഒരു രാജ്യസഭ സീറ്റ് മാാത്രമാണ് ഇപ്പോൾ ജെഡിയുവിന് ഉള്ളത്. ഇതുകൊണ്ട് താഴേത്തട്ടിൽ ഇടപെടാൻ സാധിക്കുന്നില്ല.” അദ്ദേഹം പറഞ്ഞു.

അതേസമയം ഈ പരാതികൾ പരിഹരിക്കാനും ജെഡിയുവിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താനുമുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.

യുഡിഎഫ് വിട്ടാൽ മുന്നണി മാറ്റത്തെ കുറിച്ച് ആലോചിക്കാമെന്നാണ് ഇടതുമുന്നണി നിലപാട് അറിയിച്ചിരിക്കുന്നത്. യുഡിഎഫിൽ നിന്നുകൊണ്ട് മുന്നണി മാറ്റത്തെ കുറിച്ച് സംസാരിക്കാൻാ സാധിക്കില്ലെന്നും എൽഡിഎഫ് നിലപാട് അറിയിച്ചതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ