തിരുവനന്തപുരം: മൂന്നാർ പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ച് നീക്കയതിനെ അപലപിച്ച് യുഡിഎഫ്. കുരിശ് മാറ്റിയത് അധാർമികമായിപ്പോയി എന്ന് യുഡിഎഫ് കൺവീനർ പി.പി തങ്കച്ചൻ പ്രതികരിച്ചു. കുരിശ് പൊളിച്ചത് ക്രൈസ്തവർക്ക് മാനസ്സീകമായി പ്രയാസമുണ്ടാക്കിയെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ നടപടി ഉണ്ടായതെന്നും പിപി തങ്കച്ചൻ പറഞ്ഞു. ഇന്ന് നടന്ന യുഡിഎഫ് യോഗത്തിന് ശേഷമാണ് പി.പി തങ്കച്ചന്റെ പ്രതികരണം .

കാപട്യം എന്താണ് എന്ന് മനസിലാക്കാൻ മൂന്നാറിലെ കുരിശ് പൊളിക്കൽ നാടകം നോക്കിയാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു . 144 പ്രഖ്യാപിച്ച ശേഷമാണ് കുരിശ് പൊളിക്കൽ നടത്തിയതെന്ന് ആദ്യം പറഞ്ഞ ശേഷം പ്രഖ്യാപനം പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു .

മൂന്നാർ കൈയേറ്റത്തിനെതിരായ നടപടിയില്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. ഭരണകൂടം കൈക്കൊണ്ട നടപടികളിൽ ജാഗ്രതക്കുറവുണ്ടായെന്ന് പിണറായി വിജയൻ വ്യക്തമാക്കി.”പൊളിക്കലല്ല സര്‍ക്കാര്‍ നയം. ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന വേണമായിരുന്നു. സർക്കാർ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കിൽ ബോർഡ് സ്ഥാപിച്ചാൽ മതിയാകുമെന്നും അദ്ദേഹം ജില്ലാ ഭരണകൂടത്തെ അറിയിച്ചതായാണ് വിവരം.

ഇന്നലെ രാവിലെയാണ് ദേവികുളം താലൂക്കിലെ പാപ്പാത്തി ചോലയിൽ അനധികൃതമായി നിർമ്മിച്ച​​ ഭീമൻ കുരിശടി പൊളിച്ചു നീക്കിയത്. ഇരുമ്പ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന കുരിശ് കോൺക്രീറ്റിലാണ് ഉറപ്പിച്ചത്. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചാണ് കുരിശ് പൊളിച്ച് നീക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ