തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ശേഷം കാണാതായ ഗർഭിണിയായ യുവതിയെ കരുനാഗപ്പളളിയിൽ കണ്ടെത്തി. വർക്കല മടവൂർ സ്വദേശിയായ ഷംനയെ കരുനാഗപ്പളളിയിലെ ടാക്‌സി ഡ്രൈവർമാരാണ് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ കാണാതായ ഷംനയ്ക്ക് വേണ്ടി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.

ചൊവ്വാഴ്ച രാവിലെ എസ്എടി ആശുപത്രിയിലെത്തിച്ച ഷംനയെ പരിശോധനയ്ക്കായി പോയ ശേഷം കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഷംന ആശുപത്രിയിൽ നിന്ന് പുറത്തേക്ക് നടന്നുപോകുന്നതായി കണ്ടെത്തി.

മൊബൈൽ സിഗ്നൽ ട്രാക്ക് ചെയ്ത പൊലീസ് ആദ്യം ഇവർ എറണാകുളത്തുണ്ടെന്നും പിന്നീട് വെല്ലൂരിലുണ്ടെന്നും കണ്ടെത്തി. ഇവിടങ്ങളിൽ ഷംനയ്ക്കായി തിരച്ചിൽ നടക്കുന്നതിനിടയിലാണ് ഇവരെ കരുനാഗപ്പളളിയിൽ വച്ച് കണ്ടെത്തിയത്. യുവതി ഇടയ്ക്ക് ഭർത്താവിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും ഒന്നും സംസാരിച്ചിരുന്നില്ല. മറ്റൊരു ബന്ധുവിനെ വിളിച്ചാണ് താൻ സുരക്ഷിതയാണെന്ന് ഇവർ പറഞ്ഞത്.

കരുനാഗപ്പളളി പൊലീസ് സ്റ്റേഷനിൽ നിന്നും ഷംനയെ നാട്ടിലേക്ക് കൊണ്ടുപോയി. തീർത്തും അവശയായിരുന്ന യുവതിക്ക് ഒപ്പം കൂട്ടിന് ആരും ഉണ്ടായിരുന്നില്ല. അതേസമയം ഷംന ഗർഭിണിയാണോയെന്ന് പൊലീസിന് സംശയമുണ്ട്. ഇക്കാര്യത്തിൽ വൈദ്യപരിശോധന ആവശ്യമാണെന്ന വിലയിരുത്തലാണ് പൊലീസിനുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ