കോഴിക്കോട്: പണിമുടക്ക് തുടരുന്ന സാഹചര്യത്തിൽ ബസ് ഉടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു. വിദ്യാർത്ഥികളുടെ പാസ് നിരക്ക് വർദ്ധിപ്പിക്കുക, മിനിമം താർജ് ഉയർത്തുക എന്നീ ആവശ്യങ്ങളുയർത്തിയുളള സമരം തുടരുമെന്ന് ബസ് ഉടമകൾ ചർച്ചയ്ക്ക് ശേഷം വ്യക്തമാക്കി.

പ്രധാന ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ബസ് ഉടമകള്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഈ സാഹചര്യത്തില്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം തുടരുമെന്നും അവർ വ്യക്തമാക്കി.

ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ച് മിനിമം ചാർജ് 8 രൂപയാക്കി സർക്കാർ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഈ തീരുമാനം അംഗീകരിക്കാൻ ബസ് ഉടമകൾ തയ്യാറായിരുന്നില്ല. ബസ് ഉടമകൾ സമരം തുടരുന്ന സാഹചര്യത്തിൽ സമവായമുണ്ടാക്കാനാണ് ബസ് ഉടമകളുമായി ഇന്ന് ഗതാഗത മന്ത്രി ചർച്ച വിളിച്ചത്.

അതിനിടെ ചർച്ചയിൽ സർക്കാരിന് അനുകൂലമായി നിലപാടെടുക്കുന്നവരെ മാത്രമേ പങ്കെടുപ്പിക്കുന്നുളളൂവെന്ന് ആരോപിച്ച് ഒരു വിഭാഗം കോലാഹലമുണ്ടാക്കി. ഇത് പിന്നീട് ബസ് ഉടമകളെ ഇരുചേരി തിരിഞ്ഞ് തർക്കിക്കുന്നതിലേക്ക് എത്തിച്ചു.

മിനിമം ചാർജ് പത്ത് രൂപയാക്കണം എന്നാണ് ബസ് ഉടമകളുടെ ആവശ്യം. ഇത് സാധ്യമല്ലെന്ന് സർക്കാരും വ്യക്തമാക്കി.  വിദ്യാർത്ഥികളുടെ ഇളവ് രണ്ട് രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടെങ്കിലും ഇത് സാധ്യമല്ലെന്ന് സർക്കാർ നിലപാടെടുത്തതോടെയാണ് സമരം തുടരാൻ ഉടമകൾ തീരുമാനിച്ചത്.

 

അതേസമയം ബസ് സമരം മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ സർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. എന്നാൽ ബസ് പിടിച്ചെടുക്കുന്നത് അടക്കമുളള കടുത്ത നടപടികളിലേക്ക് കടക്കുമോയെന്ന് മന്ത്രി വ്യക്തമാക്കിയില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ