കൊച്ചി : കേരളത്തിൽ ട്രാൻസ്‌ജെൻഡർ നയം സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഭരണ, പ്രതിപക്ഷ നേതാക്കളും ഡിജിപിയുമെല്ലാം ട്രാൻസ് പോളിസി നടപ്പാക്കുമെന്നും അവരോട് വിവേചനമില്ലാതെ പെരുമാറും എന്നും പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തിൽ ഇവർക്ക് എത്രത്തോളം അനുകൂലാനുഭവനുങ്ങളുണ്ടാകുന്നുണ്ട്. ട്രാൻസ്‌ജെൻഡർ നയം ഇവരുടെ ജീവിതത്തിൽ എന്തെങ്കിലും ഗുണപരമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ടോ?  പൊതുസമൂഹത്തിൻെറ കാഴ്ച്ചപ്പാടിൽ ഗുണപരമായ മാറ്റം ഉണ്ടായോ. ട്രാന്‍സ്ജെന്‍ഡര്‍ നയം രൂപീകരിച്ച ഒരു നാട്ടില്‍ കസബ മുതല്‍ എറണാകുളം സെന്‍ട്രല്‍ വരെ നീളുന്ന അനുഭവങ്ങളുടെ പശ്ചാത്താലത്തില്‍ പൊലീസും വ്യവസ്ഥിതിയും എത്രത്തോളം ട്രാൻസ് സൗഹാർദ്ദപരമായിട്ടുണ്ട് എന്നുള്ള ചില അന്വേഷണങ്ങളാണ് ഇവിടെ നടത്തുന്നത്.

എന്നാൽ കേരളത്തിൽ സംഭവിക്കുന്നത് എന്താണ്? കഴിഞ്ഞ വർഷം അവസാനദിവസങ്ങളിൽ കോഴിക്കോട് കസബ പൊലീസിന്രെ മർദ്ദിച്ചവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയും ഡി ജി പിയും നിർദേശം നൽകിയെങ്കിലും അത് അട്ടിമറിക്കുന്ന രീതിയിലാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തത്. കസബ എസ് ഐയക്കെതിരെ കേസ് എടുക്കാൻ ഡി ജി പി നിർദേശിക്കുകയും എസ് ഐയുടെ മർദനത്തിനിരയായവർ അദ്ദേഹത്തിന്രെ പേര് പറയുകയും ചെയ്തിട്ടും കണ്ടാലറിയാവുന്നവർ എന്നാണ് പൊലീസ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയത്.

കഴിഞ്ഞ ജൂലൈ മാസത്തിലും ജാമ്യമില്ലാ കുറ്റം ചുമത്തി ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട എറണാകുളത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  പാർവ്വതി എന്ന ട്രാൻസ് ജെൻഡറിന്രെ പഴ്സ് റിജോ എന്നയാൾ പിടിച്ചു പറിച്ചതും മോശമായി പെരുമാറിയതുമാണ്  പ്രശ്നത്തിന് തുടക്കമാകുന്നതെന്ന പ്രതികളാക്കപ്പെട്ടവർ പറഞ്ഞു. എന്നാൽ ഇവർ റിജോയെ പിടിച്ചു പറിക്കാനും അക്രമിക്കാനും ശ്രമിച്ചുവെന്നാണ് പൊലീസ് കേസ്.

ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ് 395, 264, 506, 324 എന്നിവ പ്രകാരമാണ് ട്രാൻസ്ജെൻഡർ വിഭാഗക്കാരുടെ പേരിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അന്ന് എറണാകുളം സെൻട്രൽ സിഐ എ.അനന്തലാൽ നൽകിയ മറുപടി ഇങ്ങിനെയായിരുന്നു. “നിങ്ങൾക്കറിയാമോ രാത്രി ആയാൽ എന്തൊക്കെ വൃത്തികേടുകളാണ് ഇവർ ഈ നഗരത്തിൽ കാണിക്കുന്നതെന്ന്? ആരെന്ത് പറഞ്ഞാലും, എന്റെ പണി പോയാലും ശരി ഇത് ഞാൻ അവസാനിപ്പിക്കും”, സിഐ പറഞ്ഞു.

ജൂലൈ സംഭവത്തിന് ആറ് മാസം പിന്നിടുമ്പോഴാണ്  ഇന്നലെ വൈകുന്നേരത്തോടെ  എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ വരുന്ന പുല്ലേപ്പടിയിലെ ഐശ്വര്യാ ലോഡ്ജില്‍ പൊലീസ് റെയിഡ് നടക്കുന്നത്. നാല് ട്രാന്‍സ് ജെന്‍ഡേഴ്സും നാല് സ്ത്രീകളുമടക്കം പതിനഞ്ച്പേരെയാണ് അനാശാസ്യം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി സ്വദേശിനി ഷെഹനാസിന്റെ നേതൃത്വത്തിൽ  നടത്തിവരുന്ന വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തു എന്നാണ് ഇതുസംബന്ധിച്ച് പൊലീസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നത്. ഹോട്ടല്‍ നടത്തിപ്പുകാരനായ ജോഷി. ഓണ്‍ലൈന്‍ സൈറ്റുകളിലും സാമൂഹ്യ മാധ്യമങ്ങളിലും നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് സംഘത്തെ അന്വേഷണോദ്യോഗസ്ഥര്‍ കുടുക്കുന്നത് എന്നും പൊലീസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പൊലീസ് അവകാശപ്പെടുന്നു.

Kozhikode, Kochi, Transgenders, transgender attacked issue, police case, kozhikode SI, inquiry against police

കോഴിക്കോട് പൊലീസ് മർദ്ദനമേറ്റ ടാൻസ് ജെൻഡേഴ്സ്

പൊലീസിന്‍റേത് ട്രാന്‍സ് ജെന്‍ഡര്‍ വേട്ടയോ ?

കൊച്ചി മെട്രോയിലെ ജീവനക്കാരായ അദിതിയേയും ദയയേയും അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തത് ആസൂത്രിതമായിട്ടാണ്  എന്നാണ് ട്രാന്‍സ്ജെന്‍ഡറുകളുടെ സംഘടന ആരോപിക്കുന്നത്.

രണ്ട് – മൂന്ന് ദിവസമായി പൊലീസുകാർ ലോഡ്ജിൽ വരികയും ലോഡ്ജ് അധികൃതരോട് ട്രാൻസ് ജെൻഡേഴ്സിനെ ഇറക്കിവിടാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു എന്നാണ് മറ്റൊരു താമസക്കാരിയായ തീര്‍ത്ഥ ആരോപിക്കുന്നത്. സി ഐ അനന്ത് ലാൽ, ലാൽജി, സാജൻ ജോസഫ് എന്നിവർക്കുള്ള വൈരാഗ്യമാണ് അതിന് കാരണം എന്നാണ് മെട്രോയിലെ ജീവനക്കാരിയായ തീർത്ഥയുടെ ആക്ഷേപം. ” മുൻപ് എറണാകുളം നോർത്തിൽ വച്ച് പണം മോഷ്ടിച്ചു എന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത അദിതി അച്ചു ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. അന്ന് കുറ്റ വിമുക്തയായതിനെ തുടർന്ന് അദിതി പുറത്തേക്കിറങ്ങിയതാണ് അനന്ത ലാലിനെ പ്രോകോപിപ്പിക്കുന്നത്” തീർത്ഥ പറഞ്ഞു.

Read More : ക്വിയര്‍ പ്രൈഡ്: ലൈംഗിക സ്വാഭിമാനത്തിന്റെ കാർണിവൽ

” അദിതിയും ദയയും മെട്രോ ജീവനക്കാരാണ്. “രണ്ടു മൂന്നു ദിവസമായി അവിടെ എത്തുന്ന പൊലീസുകാര്‍ ഞങ്ങളോട് ഇറങ്ങി പോകണം എന്നൊക്കെ ആവശ്യപ്പെടുന്നു. രണ്ട് ദിവസം മുന്‍പ് കമ്യൂണിറ്റിയിലെ തന്നെ ഒരാളുമായി ഉണ്ടായ പ്രശ്നം സ്റ്റേഷനില്‍ എത്തിയിരുന്നു, അന്ന് ഞങ്ങള്‍ അവരുടെ കൈയ്യില്‍ നിന്നും പിടിച്ചു പറിച്ചു എന്ന് പറഞ്ഞ് റോബറി ആണെന്ന്  പറഞ്ഞാണ് കേസ് എടുത്തത്.” തീർത്ഥ പറയുന്നു.

ട്രാന്‍സ്ജെന്‍ഡേഴ്സിനെ ഏതു വിധേനയും കേസില്‍ കുടുക്കി ഏറണാകുളത്ത് നിന്നും ഒഴിവാക്കും എന്ന് അന്ന് പൊലീസ് ഭീഷണി മുഴക്കിയതായാണ് തീർത്ഥ ആരോപിക്കുന്നത്. “നിങ്ങളെ തല്ലികൊല്ലണമോ വെടിവെച്ചു കൊല്ലണമോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഒന്നുകില്‍ നിങ്ങള്‍ തമ്മിലടിച്ച് ചാകണ രീതിയില്‍ ഞങ്ങളാക്കും. അല്ലെങ്കില്‍ ഏതെങ്കിലും നാട്ടുകാര് നിങ്ങള്‍ ആരെയെങ്കിലും കൊല്ലും. അതോടെ കൊച്ചിയിലുള്ള എല്ലാ ട്രാന്‍സ്ജെന്‍ഡേഴ്സിനേയും ഞങ്ങള്‍ തുടച്ചു നീക്കും. ” ‘ക്ലീന്‍ കൊച്ചി’ എന്നാണ് ഇപ്പോഴത്തെ അജണ്ട എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് പൊലീസ്‌ പറഞ്ഞതായി തീര്‍ത്ഥ ആരോപിക്കുന്നു.

ഇന്നലെ രാവിലെ ഏഴുമണിക്ക് മെട്രോയിലെ ജോലിക്കായി തിരിച്ച തീർത്ഥ ലോഡ്ജിലേക്ക് തിരിച്ചെത്തുന്നത് 4:30 ഒക്കെ ആകുമ്പോഴാണ് എന്ന് പറയുന്നു. “ഞാന്‍ നടന്നുവന്നപ്പോള്‍ ലോഡ്ജിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടി നില്‍ക്കുകയായിരുന്നു. അവരെന്നെ പരിഹസിച്ചു ചിരിക്കുന്നുമുണ്ടായിരുന്നു. ഇവർക്ക്  പുറമേ ടിവിക്കാരെയും അഞ്ചാറ് വണ്ടി പൊലീസിനേയും കണ്ടപ്പോള്‍ ഞാന്‍ ഭയപ്പെട്ടു. റിസപ്ഷനിൽ എത്തിയപ്പോഴേക്കും എന്നെ തടഞ്ഞുനിര്‍ത്തിയ പൊലീസുകാരന്‍ തിരിച്ചു പോവാന്‍ ആവശ്യപ്പെടുകയായിരുന്നു.” തീർത്ഥ ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.

“ഈ യൂണിഫോമിനോടുള്ള ബഹുമാനം ഒന്നുകൊണ്ട് മാത്രമാണ് നിന്നെ അറസ്റ്റ്‌ ചെയ്യാത്തത്. നീ പെട്ടെന്ന്  സ്ഥലം വിട്ടോ ഇല്ലേല്‍ നിന്നെയും കുടുക്കും” എന്ന് പൊലീസുകാരന്‍ ഭീഷണിപ്പെടുത്തിയതായി  മെട്രോയുടെ യൂണിഫോമണിഞ്ഞിരുന്ന തന്നോട് പറഞ്ഞതായി   തീർത്ഥ പറയുന്നു.

നോ കണ്ട്രി ഫോര്‍ ട്രാന്‍സ് ജെന്‍ഡേഴ്സ്

കേരളത്തില്‍ എവിടെയും എന്ന പോലെ എറണാകുളത്തും ട്രാന്‍സ്ജെന്‍ഡേഴ്സിന് താമസിക്കുവാനൊരു വീടോ ഫ്ലാറ്റോ ലഭിക്കില്ല എന്നാണ് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് ഉള്ള നഗരമാണ് എറണാകുളം. ഇതില്‍ വിരലിലെണ്ണാവുന്ന ആളുകളൊഴികെ എല്ലാവരും കഴിയുന്നത് ലോഡ്ജ് മുറികളിലായാണ്. സാധാരണക്കാരില്‍ നിന്നും വാങ്ങുന്നതിലും കൂടുതല്‍ തുക ഈടാക്കിക്കൊണ്ടാണ് ട്രാന്‍സുകള്‍ക്ക് മുറി നല്‍കുന്നത്. മുറി ലഭിക്കുകയാണ് എങ്കില്‍ തന്നെ വിവിധ തരാം അവകാശലംഘനങ്ങളിലൂടെയാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് കടന്നുപോകുന്നത്. ലോഡ്ജില്‍ മറ്റ് താമസക്കാര്‍ വരുന്ന സമയത്ത് അവരെ പുറത്തിറങ്ങുന്നത്തില്‍ നിന്നും വിലക്കുന്നത് മുതല്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് അടക്കമുള്ള സുഹൃത്തുകള്‍ കാണാന്‍ വരുന്നുവെങ്കില്‍ നൂറ് മുതല്‍ അഞ്ഞൂറ് രൂപവരെയാണ് ഓരോരുത്തരുടെ കൈയ്യില്‍ നിന്നും ലോഡ്ജ് ഉടമകള്‍ ഈടാക്കുന്നത്.

“ഒരു താൽക്കാലിക ഇടം എന്ന നിലയിലാണ് പലരും ലോഡ്ജുകളെ ആശ്രയിക്കുന്നത്. പക്ഷെ ഭീമമായ തുകയാണ് ഞങ്ങളുടെ കൈയ്യില്‍ നിന്നും ഈടാക്കുന്നത്. പോരാത്തതിന് അവര്‍ ആയിരം നിബന്ധനകളും മുന്നോട്ടുവെക്കും. അതനുസരിച്ച് ജീവിക്കുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ വഴിയില്ല.” മാമാങ്കം എന്ന നൃത്തവിദ്യാലയത്തില്‍ ജോലി ചെയ്യുന്ന പ്ലിങ്കു പറഞ്ഞു.

സാമ്പത്തികവും സാമൂഹികവുമായത് മാത്രമല്ല ഇവിടങ്ങളില്‍ ലൈംഗികമായ ചൂഷണങ്ങള്‍ക്കും ‘നിന്നുകൊടുക്കേണ്ട’ ഗതികേടാണ് തങ്ങള്‍ക്ക് എന്നാണ് തീർത്ഥയും പറയുന്നത്. അത്തരത്തില്‍ ഒരു ചൂഷണമാണ് ഇന്നലെ റെയിഡ് നടന്ന ഐശ്വര്യാ ലോഡ്ജില്‍ നടന്നുകൊണ്ടിരുന്നത് എന്നും ആരോപണം ഉണ്ട്.

” തീര്‍ച്ചയായും ഞങ്ങളിൽ പെട്ടവരും  ലൈംഗിക തൊഴില്‍ ചെയ്യുന്നവരുണ്ട്. ഇപ്പോള്‍ ഹോട്ടലില്‍ ഒരു കസ്റ്റമറെ കയറ്റുകയാണ് എങ്കില്‍ റൂം റെന്റിന് പുറമെ  അഞ്ഞൂറ് രൂപയും കൊടുക്കണം. അതേസമയം ഞങ്ങളുടെ സുഹൃത്തുകള്‍ മുറിയിൽ കയറാൻ അവർ  അനുവദിക്കാതെയുമിരിക്കും.” അങ്ങനെയുള്ള സാഹചര്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഹോട്ടല്‍ ഉടമ മറ്റ് മൂന്ന് ഹിന്ദിക്കാരെയും കൂടി അവിടെ താമസിപ്പിക്കുന്നത് എന്നാണ് തീർത്ഥയുടെ ആരോപണം. ” മൂന്ന് ഹിന്ദിക്കാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അതില്‍ മേരി എന്ന് പറയുന്നത് അവിടത്തെ ജോലിക്കാരി തന്നെയാണ്. നീലം, ഫിര്‍ദോസ്, ഷഹനാസ് എന്നിവരെ അവിടെ താമസിപ്പിക്കുന്നത് ലോഡ്ജുകാര്‍ തന്നെയാണ്. ഇനി അവരുടെ കസ്റ്റമേഴ്സ് വരികയാണ് എങ്കില്‍ ഞങ്ങള്‍ കാശ് കൊടുക്കുന്ന ഞങ്ങളുടെ മുറി അവര്‍ക്ക് വേണ്ടി ഒഴിഞ്ഞുകൊടുക്കണം. ഞങ്ങള്‍ക്ക് ഒന്നും പറയാനാകില്ല. ” തീര്‍ത്ഥ തങ്ങളുടെ നിസ്സഹായത വെളിപ്പെടുത്തുന്നു.

ഇന്നലത്തെ റെയിഡ് ആസൂത്രിതമോ ?

ഇന്നലത്തെ റെയിഡും അവിടെ താമസിക്കുന്ന ട്രാന്‍സ്ജെന്‍ഡേഴ്സുമായി കൂട്ടിവായിക്കരുത് എന്നാണ് പ്ലിങ്കു പറയുന്നത്. അറസ്റ്റിലായ കാവ്യയെ വ്യാഴാഴ്ച ലോഡ്ജില്‍ നിന്നും ഇറക്കിവിട്ടിരുന്നു. കമ്മ്യൂണിറ്റിയിലുള്ള ഒരാളുമായുണ്ടായ പ്രശ്നത്തെ തുടര്‍ന്നാണ്‌ അത്. അന്ന് രാത്രി പ്ലിങ്കുവിന്‍റെ കൂടെ താമസിച്ച കാവ്യ രാവിലെയാണ് ലോഡ്ജിലേക്ക് തിരിക്കുന്നന്നത് എന്നും പ്ലിങ്കു പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അഞ്ജു (കാവ്യയുടെ ചേച്ചി) അവിടെ എത്തുന്നത്. ഡല്‍ഹിയില്‍ നഴ്സായ അവര്‍ കാവ്യയെ മൂവാറ്റുപുഴയിലുള്ള വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാനായിരുന്നു അവര്‍ അവിടെ വന്നത്. പെണ്‍വാണിഭമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തില്‍ അഞ്ജുവുമുണ്ട്.

പൊലീസ് പത്രക്കുറിപ്പ്

“അറസ്റ്റ് ചെയ്യപ്പെട്ടവരിൽ  മൂന്ന് ആണ്‍കുട്ടികള്‍  കമ്മ്യൂണിറ്റിയിലേക്ക് പുതുതായി വന്ന ആള്‍ക്കാരാണ്. ഗേയ്സാണ് അവര്‍. .” തീർത്ഥ പറഞ്ഞു.

പൊലീസ് റെയിഡ് ആരംഭിക്കുമ്പോള്‍ ദയയും സായയും സംഭവസ്ഥലത്തില്ലായിരുന്നു എന്നും പ്രശ്നം അറിഞ്ഞിട്ട് പുറത്ത് നിന്നും വന്നവരെയും പൊലീസ് പ്രതികളാക്കുകയായിരുന്നു എന്നും തീര്‍ത്ഥ പറഞ്ഞു. ” ഒരു 3:45- 4:00 മണിക്കാകാം സംഭവം നടക്കുന്നത്. അതുവരെ ദയയുമായി ഗ്രൂപ്പ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു ഞാന്‍. മെട്രോയിലെ ജോലി കഴിഞ്ഞ് 4:30നാണ് ഞാനവിടെ എത്തുന്നത്. അപ്പോഴേയ്ക്കും ആളും ബഹളവുമായിരുന്നു.

ചാനലുകള്‍ ആരോപിച്ചത് പോലെ ആയുധവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല എന്നാണ് തീര്‍ത്ഥ പറയുന്നത്. ” ഐശ്വര്യയ്ക്ക് നോര്‍ത്തില്‍ വേറെയും ലോഡ്ജ് ഉണ്ട്. അവിടെനിന്നാണ് തോക്ക് കിട്ടിയത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൂടി ഞങ്ങളുടെ തലയില്‍ വച്ച് കൊണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സ് വിമുക്ത എറണാകുളം ആക്കുകയാണ് അനന്തലാലും ലാല്‍ജിയും സാജന്‍ ജോസഫും ശ്രമിക്കുന്നത്. അതവര്‍ ചെയ്യുക തന്നെ ചെയ്യും.  അഞ്ജുവിന് ഓടാന്‍ തോന്നിയതുകൊണ്ട് മാത്രമാണ് ഇന്ന് നമ്മള്‍ ഈ കഥ അറിയുന്നത് തന്നെ. അല്ലെങ്കില്‍ ഇതാരും അറിയാതെ പോകുമായിരുന്നു” പ്ലിങ്കു പറഞ്ഞു.

അതേസമയം, എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ ലോക്കപ്പില്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാര്‍ത്ത പറഞ്ഞു. വെള്ളിയാഴ്ച വൈകി സായ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു വാര്‍ത്ത. ഇത് സംബന്ധിച്ച് ഏറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യ സ്ഥിരീകരിച്ച പൊലീസ് ‘കേസിന്‍റെ വിശദാംശങ്ങള്‍ സ്പെഷ്യല്‍ ബ്രാഞ്ചിനു കൈമാറി’ എന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല എന്നാണ് അറിയിച്ചത്. സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനന്തലാലിനെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും  അദ്ദേഹത്തിനെ ഫോണിൽ ലഭ്യമായില്ല. വാര്‍ത്ത അറിഞ്ഞു സ്റ്റേഷനില്‍ എത്തിയ ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കളോട് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചില്ലെന്നും പൊലീസ് തന്‍റെ മേല്‍ അങ്ങനൊരു കേസ് കൂടി കെട്ടിവെക്കാന്‍ നോക്കുകയാണ് എന്നാണ് സായ ആരോപിച്ചത്. നേരത്തേ തന്‍റെ കൈയിലുള്ള പോറലാണ് ‘ആത്മഹത്യ കേട്ടിച്ചമാക്കാന്‍’ പൊലീസ് തെളിവായി ഉപയോഗിക്കുന്നതെന്നും പൊലീസ് ഞങ്ങളോട് പറഞ്ഞത് പോലെ വെള്ളിയാഴ്ച സായയെ ആശുപത്രിയില്‍ കൊണ്ടുപോയിട്ടില്ല എന്നുമാണ് അവര്‍ ട്രാന്‍സ് സുഹൃത്തുക്കളെ അറിയിച്ചത്.

Read More : പൊലീസ് ലോക്കപ്പില്‍ ട്രാന്‍സ്‌ജെന്‍ഡറിന്‍റെ ആത്മഹത്യാ ശ്രമം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ