കൊച്ചി : എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ ലോകകപ്പില്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച വൈകിയായിരുന്നു സംഭവം. സായ എന്ന രതീഷ്‌ ആണ് കൈ ഞരമ്പ്‌ മുറിച്ചു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.  വെള്ളിയാഴ്ച വൈകീട്ടാണ് അവര്‍ താമസിക്കുന്ന ലോഡ്ജില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് റെയ്ഡ് നടത്തുന്നതും അനാശാസ്യം ആരോപിച്ച് പതിനഞ്ചുപേരെ കസ്റ്റഡിയില്‍ എടുക്കുന്നതും.

സായയുടെ ആത്മഹത്യാ ശ്രമം സ്ഥിരീകരിച്ച എറണാകുളം സെന്‍ട്രല്‍ പൊലീസ്. അവരെ രാത്രി തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി വേണ്ട ചികിത്സ നല്‍കി എന്നും അറിയിച്ചു. സായയ്ക്കുമേല്‍ ആത്മഹത്യാ കുറ്റംചുമത്തി കേസ് എടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. ‘കേസിന്‍റെ വിശദാംശങ്ങള്‍ സ്പെഷ്യല്‍ ബ്രാഞ്ചിനു കൈമാറി’ എന്നാണ് അറിയിച്ചത്. സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല.

ഇന്നലെ വൈകീട്ട് നഗരത്തിലെ ലോഡ്ജില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ബിനു, ജ്യോഷ്, അതിഥി, ദയ, രഹിത്, കാവ്യ എന്നീ ട്രാന്‍സ്‌ജെന്‍ഡറുകളേയും ഡല്‍ഹിയില്‍ നഴ്സായ കാവ്യയുടെ സഹോദരി അഞ്ജുവിനേയും കസ്റ്റഡിയിലെടുത്തിരുന്നു.

അതിനിടയില്‍, കൊച്ചി മെട്രോയിലെ ജീവനക്കാരായ അദിതിയേയും ദയയേയും അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തത് ആസൂസ്ത്രിതമായാണ് എന്നാണ് ട്രാന്‍സ്ജെന്‍ഡറുകളുടെ സംഘടന ആരോപിക്കുന്നത്.

രണ്ട് – മൂന്ന്  ദിവസമായി പൊലീസുകാർ ലോഡ്ജിൽ വരികയും ലോഡ്ജ് അധികൃതരോട്  ട്രാൻസ് ജെൻഡേഴ്സിനെ ഇറക്കിവിടാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു എന്നാണ് മറ്റൊരു താമസക്കാരിയായ തീരത്ഥ ആരോപിക്കുന്നത്.  സി ഐ  അനന്ത് ലാൽ, ലാൽജി, സാജൻ ജോസഫ് എന്നിവർക്കുള്ള വൈരാഗ്യമാണ് അതിന്  കാരണം എന്നാണ് മെട്രോയിലെ ജീവനക്കാരിയായ തീർത്ഥയുടെ ആക്ഷേപം.

” മുൻപ് എറണാകുളം നോർത്തിൽ വച്ച് പണം മോഷ്ടിച്ചു  എന്നാരോപിച്ച് പൊലീസ്  അറസ്റ്റു ചെയ്ത അദിതി അച്ചു ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. അന്ന്  കുറ്റ വിമുക്തയായതിനെ തുടർന്ന് അദിതി പുറത്തേക്കിറങ്ങിയതാണ് അനന്ത ലാലിനെ പ്രോകോപിപ്പിക്കുന്നത്” തീർത്ഥ പറഞ്ഞു.

അതേസമയം ആത്മഹത്യാ വാര്‍ത്ത അറിഞ്ഞു സ്റ്റേഷനില്‍ എത്തിയ ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കളോട് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചില്ലെന്നും പൊലീസ് തന്‍റെ മേല്‍ അങ്ങനൊരു കേസ് കൂടി കെട്ടിവെക്കാന്‍ നോക്കുകയാണ് എന്നാണ് സായ ആരോപിച്ചത്. നേരത്തേ തന്‍റെ കൈയ്യിലുള്ള പോറലാണ് പൊലീസ് ഇതിന് തെളിവായി കാണിക്കുന്നതെന്നും പൊലീസ് ഭാഷ്യം പോലെ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയില്ല എന്നും ട്രാന്‍സ് സുഹൃത്തുക്കളോട് സായ പറഞ്ഞതായി അവര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ