കണ്ണൂര്‍: ഐ ടി ഐ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനുമായ ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ ദുഃഖമറിയിച്ച് നടന്‍ ടൊവിനോ തോമസ്. കൊല്ലപ്പെട്ട ശ്യാമ പ്രസാദുമായി ഒരുമിച്ചുള്ള സെല്‍ഫി ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ച ടൊവിനോ കുറിച്ചത് ഇങ്ങനെയായിരുന്നു.

‘മായാനദിയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരികരിക്കെ ഈ യുവാവുമൊത്തൊരു ഫോട്ടോ എടുത്തത് ഞാനോര്‍ക്കുന്നു. അവന്റെ മരണം എന്നെ വല്ലാതെ ദുഃഖിപ്പിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നു.

ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത, ഈ യുവാവിന്റ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു. ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാന്‍ കഴിയുന്നത്? മനുഷ്യന്റെ ക്ഷേമത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇന്‍ഫ്രാസ്ട്രക്ചറുകള്‍ തന്നെ മനുഷ്യനെ കൊല്ലുന്നു. ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ അനായാസമായ കാര്യമാണ് തമ്മില്‍ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത്!’

ഇന്നലെയാണ് ചിറ്റാരിപറമ്പ് സ്വദേശിയായ ഐ.ടി.ഐ വിദ്യാര്‍ഥി കൊല്ലപ്പെട്ടത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കാറിലെത്തിയ മുഖംമൂടി സംഘമാണ് കൃത്യം നിര്‍വ്വഹിച്ചത്. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായ നാലുപേരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ