യുവനടി ആക്രമിക്കപ്പെട്ട കേസിൽ ക്വട്ടേഷന്‍ പണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതിയായ സുനിൽകുമാറിന്‍റെ അമ്മയുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചു. പരിശോധനയിൽ അക്കൗണ്ടിൽ 50,000 രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടർന്നു അമ്മയുടെ മൊഴിയെടുത്തു.

തനിക്ക് ചിട്ടിയിൽനിന്നു ലഭിച്ച പണമാണ് അക്കൗണ്ടിൽ നിക്ഷേപിച്ചതെന്നാണ് അമ്മ പോലീസിനു മൊഴി നൽകിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പെരുന്പാവുരിലെ യൂണിയൻ ബാങ്കുകളിൽനിന്നാണ് പണം നിക്ഷേപിച്ചതെന്നാണ് സൂചന.

സംഭവവുമായി ബന്ധപ്പെട്ടു സുനിയുടെ ബന്ധുകളുടെ അക്കൗണ്ടുകളും പരിശോധിക്കുമെന്നാണ് പ്രാഥമിക വിവരം. തനിക്കു പണം ആവശ്യമുണ്ടെന്നു ജലിൽനിന്നു എഴുതിയ കത്തിൽ സുനി ആവശ്യപ്പെട്ടിരുന്നു. ഈ കാലയളവിലാണ് അമ്മയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും പോലീസ് കണ്ടെത്തി.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പിടിയിലായ നടൻ ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും. അതേസമയം ഇദ്ദേഹത്തിന്റെ ഡ്രൈവർ അപ്പുണ്ണിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

പൾസർ സുനിക്ക് പണം കൊടുത്ത് പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിച്ചത് അപ്പുണ്ണിയാണെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. കേസിൽ അപ്പുണ്ണി പ്രതിയാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ ചോദ്യം ചെയ്താൽ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുമെന്ന് പൊലീസ് കരുതുന്നുണ്ട്.

കസ്റ്റഡിയിൽ നടൻ ദിലീപ് ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾ മിക്കതും ഇദ്ദേഹം മറുപടി നൽകാതെ വിട്ടുകളയുകയാണ് ചെയ്തത്. എന്നാൽ അപ്പുണ്ണിയെ ചോദ്യം ചെയ്താൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിക്കുമെന്നാണ് പൊലീസിന്റെ വിശ്വാസം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ