തൊടുപുഴ: രാജ്യത്തെ ഒറ്റവനമേഖലയായി പരിഗണിച്ചുകൊണ്ടുള്ള ദേശീയ കാട്ടാനകളുടെ കണക്കെടുപ്പ് മേയ് 16 മുതല്‍ 19 വരെ നടക്കും. രാജ്യത്തെ മുഴുവന്‍ വനമേഖലകളിലും ഈ ദിവസങ്ങളില്‍ പരിശീലനം നേടിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനകളുടെ എണ്ണം ശേഖരിക്കും.

ഓരോ സംസ്ഥാനത്തെയും വനപ്രദേശങ്ങളെ പ്രത്യേക ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുക്കുക. കാട്ടാനകളുടെ എണ്ണമെടുക്കുക.കൃത്യമായി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് ദക്ഷിണ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പെരിയാര്‍ കടുവാ സങ്കേതത്തില്‍ വച്ച് ഏപ്രില്‍ 18, 19 തീയതികളില്‍ രണ്ടു ദിവസം നീണ്ടു നിന്ന പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു.

wild elephant, idukki, census
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 65 ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. പെരിയാര്‍ കടുവാ സങ്കേതത്തിനു കീഴിലുള്ള പെരിയാര്‍ ഫൗണ്ടേഷന്റെ കീഴിലായിരുന്നു പരിശീലന പരിപാടി സംഘടിപ്പിച്ചത്. വനംപരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിനു കീഴിലുള്ള പ്രൊജക്ട് എലിഫെന്റാണ് ദേശീയ തലത്തില്‍ നടത്തുന്ന കാട്ടാനകളുടെ കണക്കെടുപ്പിന് നേതൃത്വം നല്‍കുന്നത്.

കണക്കെടുപ്പിന് ശേഷം ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് രാജ്യത്തെമ്പാടുമുള്ള വനങ്ങളിലെ കാട്ടാനകളുടെ കൃത്യമായ കണക്ക് തയാറാക്കാന്‍ കഴിയുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. കാട്ടാനകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ നടപ്പാക്കേണ്ട പദ്ധതികളും സര്‍വേയ്ക്കു ശേഷം തയാറാക്കും.

wild elephant, census, iddukki

അതേസമയം വരള്‍ച്ചയും വര്‍ധിച്ചുവരുന്ന വനനശീകരണവും ആനകള്‍ ഉള്‍പ്പടെയുള്ള വന്യജീവികളുടെ നിലനില്‍പ്പിനു ഭീഷണിയാകുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുവേ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വനമേഖലകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും നിത്യ സംഭവമാണ്. മൂന്നാര്‍ ഉള്‍പ്പടെയുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പോലും കാട്ടാന ആക്രമണം രൂക്ഷമായ പ്രദേശങ്ങളാണ്.

വനത്തില്‍ ഭക്ഷണ ലഭ്യത കുറയുന്നതും ജലസ്രോതസുകള്‍ ഇല്ലാതാകുന്നതുമാണ് ആനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കു വ്യാപകമായി ഇറങ്ങാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വര്‍ധിക്കുന്ന കാട്ടാന ആക്രമണവും കാട്ടാനകളുടെ നിലനില്‍പ്പും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ നടത്തുന്ന കാട്ടാനകളുടെ കണക്കെടുപ്പിന് നിര്‍ണായക പ്രാധാന്യമുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ