തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതാവ് കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദഗിരി. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ സന്ദീപാനന്ദഗിരി സ്വാമി കള്ളസ്വാമിയാണെന്നും തട്ടിപ്പുകൾ നടത്തി നടക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സന്ദീപാനന്ദഗിരി രംഗത്തെത്തിയത്.

“സുരേന്ദ്രാ…. കെ. സുരേന്ദ്രാ… അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ. സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയിൽ നിന്നും പണമായോ വസ്തുവായോ വല്ലതും വാങ്ങിയ വകയിലോ, ഇനി അതല്ല സുരേന്ദ്രന്റെ മാതാവിൽ നിന്ന് വല്ലതും വസൂലാക്കിയ വകയിലോ, അതുമല്ല സുരേന്ദ്രന്റെ സഹോദരിമാരെ പീഢിപ്പിക്കാൻ ശ്രമിച്ചവകയിലോ ഏതു വകയിലാ സുരേന്ദ്രാ സന്ദീപാനന്ദ ഗിരി കള്ളനാകുന്നത്?, സന്ദീപാനന്ദഗിരി ചോദിച്ചു.

“നമ്മൾ തമ്മിൽ ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ വസ്തുക്കച്ചവടം നടത്തുകയോ ചെയ്തിട്ടില്ലല്ലോ സുരേന്ദ്രാ. സുരേന്ദ്രൻ എന്തറിഞിട്ടാ ഇങ്ങിനെ പറയുന്നത്? പറഞ്ഞ സ്ഥിതിക്ക് സുരേന്ദ്രന് നട്ടെല്ലുണ്ടെങ്കിൽ ക്ഷമിക്കണം ഇങ്ങിനെ പറയേണ്ടി വന്നതിൽ സുരേന്ദ്രൻ ഇത് തെളിയിക്കണം. സുരേന്ദ്രാ… സുരേന്ദ്രൻ ഒ.രാജഗോപാലിനോടു ചോദിക്കൂ സന്ദീപാനന്ദ ഗിരിയെക്കുറിച്ച് രാജേട്ടൻ പറഞ്ഞുതരുമെന്നും സ്വാമി പറയുന്നു.

“മാനനീയ പി.പരമേശ്വർജിയോടു ചോദിക്കൂ. അതുമല്ലെങ്കിൽ സി.കെ.പത്മനാഭനോടു ചോദിക്കൂ. സി.കെ.പി പറഞ്ഞുതരും. അഭിപ്രായ ഭിന്നതകൾ പലവിഷയങ്ങളിലുമുണ്ട്. അതൊരുവീട്ടിൽ പോലുമില്ലേ സുരേന്ദ്രാ എന്നും സ്വാമി ചോദിച്ചു.

“സുരേന്ദ്രൻ അറിയുന്ന സ്വാമിയുടെ ഗണത്തിൽ പെടില്ല സന്ദീപാനന്ദ ഗിരി സുരേന്ദ്രാ. പറഞ്ഞത് സുരേന്ദ്രൻ തെളിയിക്കണം. അവസാനം ഉള്ളിക്കറിപോലെയാകരുതെന്നും സ്വാമി സന്ദീപാനന്ദ ഗിരി പരിഹസിക്കുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ