യൂണിവേഴ്സിറ്റി കോളജിലെ സദാചാര പൊലീസിങ്ങിനെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒന്നും മിണ്ടാത്തതെന്തെന്ന ചോദ്യവുമായി സൂര്യഗായത്രി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കോടിയേരി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. നടിയോട് ഫോണിൽ സംസാരിച്ചെന്നും ഭീതികൂടാതെ നിവര്‍ന്നുനില്‍ക്കണമെന്ന് കരുത്ത് പകര്‍ന്നെന്നും കോടിയേരി പറഞ്ഞിരുന്നു. മാത്രമല്ല അക്രമകാരികളെ പിടികൂടാനും ശിക്ഷാനടപടികള്‍ക്കുവിധേയമാക്കാനുമുള്ള എന്ത് സഹായവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയതായും കോടിയേരി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഇതിനു താഴെയിട്ട കമന്റിലൂടെയാണ് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥിനിയും എസ്എഫ്ഐ പ്രവർത്തകരുടെ സദാചാര പൊലീസിങ്ങിനു ഇരയുമായ സൂര്യഗായത്രി പ്രതികരിച്ചത്.

സഖാവേ…ഇതു പോലെ ഞങ്ങൾക്കും ഭീതി കൂടാതെ നിവർന്നു നടക്കണം.. ഞങ്ങൾ പെൺകുട്ടികളുടെ വാക്കുകേട്ട് അവരെയുടനെ ശിക്ഷിക്കണമെന്നല്ല… സമഗ്രമായ ഒരു അന്വേഷണം നടത്താനെങ്കിലും തയാറാവണമെന്നും സൂര്യഗായത്രി പറയുന്നു. അഴീക്കൽ സദാചാരത്തെകുറിച്ചും പ്രമുഖ നടിക്ക് വേണ്ടിയും നിലപാടുകൾ എടുത്തതിൽ സന്തോഷമുണ്ട്.. പക്ഷേ എന്തുകൊണ്ടാണ് സഖാവേ എ കെ ജി സെൻറെറിൽ നിന്നു നോക്കിയാൽ കാണുന്ന.. സെക്രട്ടറിയേറ്റിനു സമീപമുള്ള തലസ്ഥാന നഗരിയിലെ തലയെടുപ്പുള്ള യൂണിവേഴ്സിറ്റി കോളേജിനെ കുറിച്ച് ഒന്നും മിണ്ടാത്തതെന്തെന്നും സൂര്യഗായത്രി ചോദിക്കുന്നു.

യൂണിവേഴ്സിറ്റി കോളജിൽ സൂര്യഗായത്രിക്കും അസ്മിതയ്ക്കും ഒപ്പം എത്തിയ സുഹൃത്ത് ജിജേഷിനെ സദാചാര പൊലീസ് ചമഞ്ഞെത്തിയ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു. സംഭവം വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ