തിരുവനന്തപുരം: അടുത്ത ജന്മത്തില്‍ പൂണൂല്‍ ഇട്ട വര്‍ഗത്തില്‍ പെട്ട് ശബരിമലയില്‍ മേല്‍ശാന്തിയാകണമെന്ന് നടനും ബിജെപി എംപിയും ആയ സുരേഷ് ഗോപി. ബ്രാഹ്മണര്‍ ദൈവതുല്യരാണെന്നും എല്ലാവരും തുല്യരെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണത്തില്‍ ബ്രാഹ്മണര്‍ക്ക് അര്‍ഹിച്ച സ്ഥാനം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് യോഗക്ഷേമസഭയുടെ സംസ്ഥാനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിന്റെ സത്യമെന്താണെന്ന് അനുഭവത്തിലൂടെ നിരന്തരം അനുഭവിച്ച് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഞാന്‍ വിശ്വസിക്കുന്നു മരിച്ച് മണ്ണടിഞ്ഞ് ചാരമായി വളമായി അതില്‍നിന്ന് ഒരു ബീജം ഉല്‍ഭവിച്ച് അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന വര്‍ഗത്തില്‍പ്പെട്ട് ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്നാണ് ആഗ്രഹം”, അദ്ദേഹം പറഞ്ഞു.

ഈശ്വരനെ പ്രാര്‍ഥിക്കാന്‍ എനിക്ക് പിന്തുണയേകുന്ന പൂജാരിസമൂഹം കണ്‍കണ്ടദൈവമാണ്. മാംസവും ചോരയുമുള്ള ഈശ്വരന്‍മാരാണ് പൂണൂല്‍ സമൂഹം. ആരും നിങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. ബ്രാഹ്മണസമൂഹത്തിന് അര്‍ഹമായത് കിട്ടണം. അതിന് രാഷ്ട്രീയദുഷ്ടലാക്കുകള്‍ വെടിഞ്ഞ് സമൂഹത്തിന് നന്മ പകരുന്ന രാഷ്ട്രീയത്തിന് പിന്തുണ നല്‍കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എന്‍.നമ്പൂതിരി അധ്യക്ഷനായിരുന്നു. വി.എസ്.ശിവകുമാര്‍ എംഎല്‍എ സ്മരണിക പ്രകാശനം ചെയ്തു. പ്രൊഫ. കെ.കെ.കൃഷ്ണന്‍നമ്പൂതിരി രചിച്ച പുസ്തകങ്ങളുടെ പ്രകാശനം സുരേഷ് ഗോപി നിര്‍വഹിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ