ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദ്നിക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കാമെന്ന് സുപ്രംകോടതി. ഓഗസ്റ്റ് 1 മുതൽ 14 വരെ കേരളത്തിൽ തങ്ങാം. കേരള സന്ദർശനത്തിലെ സുരക്ഷയുടെ ചെലവ് മഅദ്നി വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. നേരത്തെ മാതാപിതാക്കളെ കാണാൻ മഅദ്നിക്ക് ബെംഗളൂരു എൻഐഎ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയില്ല. തുടർന്നാണ് മഅദ്നി സുപ്രീംകോടതിയെ സമീപിച്ചത്.

ഓഗസ്റ്റ് ഒൻപതിനു തലശ്ശേരിയിലാണ് മകന്റെ വിവാഹച്ചടങ്ങ് നടക്കുന്നത്. ഇതിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് കാട്ടി മഅദ്നി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ മാതാപിതാക്കളെ കാണാൻ ഓഗസ്റ്റ് ഒന്നു മുതൽ ഏഴുവരെ കേരളത്തിൽ തങ്ങാനുള്ള അനുമതിയെ ബെംഗളൂരു എൻഐഎ കോടതി നൽകിയുളളൂ. മഅദ്നിക്കു ജാമ്യം നൽകിയ സുപ്രീം കോടതി, ഇതിനു മുൻപും മാതാപിതാക്കളെ കാണാൻ മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ഇത് മാത്രമേ വിചാരണ കോടതിക്കും അനുവദിക്കാൻ കഴിയു എന്ന് എൻഐഎ കോടതി വ്യക്തമാക്കി.

അർബുദബാധിതയായ മാതാവ് അസ്മ ബീവിയെ കാണാനും തലശേരി ടൗൺ ഹാളിൽ ഓഗസ്റ്റ് ഒൻപതിനു മൂത്തമകൻ ഹാഫിസ് ഉമർ മുക്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാനുമായി ഓഗസ്റ്റ് ഒന്നു മുതൽ 20 വരെ കേരളത്തിൽ തങ്ങാനായി ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഅദ്നി ബെംഗളൂരു എൻഐഎ കോടതിയിൽ അപേക്ഷ നൽകിയത്. ബെംഗളൂരു സ്ഫോടനപരമ്പരക്കേസിലെ 31-ാം പ്രതിയായ മഅദനി നിലവിൽ ലാൽബാഗ് സഹായ ആശുപത്രിയിൽ ചികിൽസയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ