കൊച്ചി: ഹാദിയ കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. അവകാശലംഘനം നേരിടുന്നുവെന്ന പരാതിയുടെ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍റെ നടപടി. കേസിൽ വസ്തുതാ വിവര റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും കോടതിയെ സമീപിക്കുകയെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു.

“സാമൂഹിക സാഹചര്യം കലുഷിതമാക്കാതിരിക്കാനാണ് വനിതാ കമ്മീഷന്‍റെ ഇടപെടല്‍. ഹാദിയയേയും കുടുംബാംഗങ്ങളെയും സന്ദർശിച്ച് വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അംഗീകാരം തേടും. ഹാദിയ സ്വന്തം വീട്ടിൽ മനുഷ്യാവകാശലംഘനം അനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ കമ്മിഷന് ലഭിച്ച സാഹചര്യത്തിലാണ് തീരുമാനമാണെന്ന് ജോസഫൈൻ വ്യക്തമാക്കി.

ഹാദിയ അവകാശ ലംഘനം നേരിടുകയാണെന്നും വിഷയത്തിൽ വനിതാ കമ്മീഷൻ ഇടപെടണമെന്നും വിവിധ സ്ത്രീ പക്ഷസംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടിരുന്നു. കൂടാതെ ആയിരക്കണക്കിന് പേര്‍ ഒപ്പിട്ട ജനകീയ പരാതികള്‍ അടക്കം നിരവധി ഹര്‍ജികളും വനിതാ കമ്മീഷന് ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ