തിരുവനന്തപുരം: ഹാദിയയുടെ നിലവിലെ അവസ്ഥയെ കുറിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. ഹാദിയയുടെ ജീവന് ഭീഷണിയുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. ജീവന് ഭീഷണിയുണ്ടെന്നും കൊല്ലപ്പെടുമെന്ന് ഭയമുള്ളതായും ഹാദിയ വ്യക്തമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍, അച്ഛന്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹാദിയ പറയുന്നുണ്ട്.

കോട്ടയം എസ്പിയോടാണ് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചത്. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കണമെന്നാണ് നിര്‍ദേശം. ഹാദിയയെ ഉറക്കിക്കിടത്താന്‍ മരുന്ന് നല്‍കുകയാണെന്നും ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും ഗോപാല്‍ മേനോന്‍ ആവശ്യപ്പെട്ടിരുന്നു.

‘എന്നെ എളുപ്പം ഇവിടുന്ന് ഇറക്കണം. ഞാന്‍ മരണപ്പെടും, നാളെയൊ മറ്റന്നാളോ ഞാന്‍ മരണപ്പെടും. എനിക്ക് ഉറപ്പാണ്. എന്റെ അച്ഛന് ദേഷ്യം വരുന്നുണ്ട് എനിക്കറിയാം. ഞാന്‍ പോകുന്നവഴി അച്ഛന്‍ എന്നെ തല്ലുന്നുണ്ട്, ചവിട്ടുന്നുണ്ട്. എന്റെ ശരീരം എവിടെയെങ്കിലും ഇടിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍…’ എന്നു പറയുന്നുന്ന വീഡിയോ ആണ് രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ