കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെയാണ് സര്‍ക്കാര്‍ സമീപിച്ചത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് കോടതി കേസ് സിബിഐയ്ക്ക് വിടാന്‍ ഉത്തരവിട്ടത്.

ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. കോടതി നിർദേശിച്ചാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.

അതിനിടെ, ഹർജി പരിഗണിച്ച കോടതി പൊലീസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. കേസിൽ പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് കോടതി വ്യക്തമാക്കി.പൊലീസിന്റെ കേസ് അന്വേഷണത്തിലും ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. പ്രതികളുടെ അസാന്നിധ്യത്തിൽ ആയുധങ്ങൾ കണ്ടെടുത്തത് കളളക്കളിയാണ്. പ്രതികളുടെ സാന്നിധ്യത്തിൽ എന്തുകൊണ്ട് ആയുധങ്ങൾ കണ്ടെടുത്തില്ലെന്ന് കോടതി ചോദിച്ചു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്തുവരാറില്ലെന്നും രഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ