തിരുവനന്തപുരം: എസ്എസ്എൽസി കണക്ക് പരീക്ഷയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പുള്ളതായി വിദ്യാഭ്യാസ വകുപ്പ്. കണക്ക് പരീക്ഷക്ക് വിദ്യാർത്ഥികളെ വെള്ളം കുടിപ്പിക്കുന്ന തരത്തിൽ ചോദ്യപേപ്പർ തയാറാക്കിയതിന് എതിരെയാണ് വ്യാപക പരാതികൾ ഉയർന്നത്. ഈ വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വിളിച്ച് ചേർത്ത യോഗത്തിലാണ് ആരോപണങ്ങളിൽ കഴമ്പുള്ളതായി സ്ഥിരീകരിച്ചത്. വിവാദമായ കണക്ക് പരീക്ഷ വീണ്ടും നടത്തുന്നത് സംബന്ധിച്ച് യോഗം അൽപ്പസമയത്തിനകം തീരുമാനം എടുക്കും.

കണക്ക് പരീക്ഷയ്ക്കായി ചോദ്യപേപ്പർ തയാറാക്കിയ അദ്ധ്യാപകന് എതിരെ ഉയർന്ന ആരോപണം യോഗം ശരിവച്ചു. ഇയാൾക്ക് സ്വകാര്യ സ്ഥാപനവുമായി ബന്ധമുണ്ടെന്നും ഇയാൾ ആ സ്ഥാപനത്തിനായി ക്ലാസ് എടുക്കാറുണ്ടെന്നും കണ്ടെത്തി. എസ്എസ്എൽസി കണക്ക് പരീക്ഷക്ക് വിദ്യാർത്ഥികളെ വിഷമിപ്പിക്കുന്ന തരത്തിൽ ചോദ്യപേപ്പർ തയാറാക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. കമ്മീഷൻ ഇത് സംബന്ധിച്ച് സർക്കാരിനോടും വിശദീകരണം തേടിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കണക്ക് പരീക്ഷ നടന്നത്.

കണക്ക് ചോദ്യപേപ്പറിൽ ചോദ്യ കർത്താവ് തന്റെ പ്രതിഭാ പരീക്ഷണമാണ് നടത്തിയതെന്നാണ് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ പി.കെ.രാജു ചൂണ്ടിക്കാണിച്ചിരുന്നത്. പ്രസ്തുത അധ്യാപകനെ കരിമ്പട്ടികയിൽ പെടുത്തണമെന്നും കുട്ടികളെ വെള്ളം കുടിപ്പിച്ച അധ്യാപകന്റെ മനോനില മെഡിക്കൽ ബോർഡിനെ കൊണ്ട് പരിശോധിപ്പിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ