കാസർകോട്: ദേവികുളം സബ് കളക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതല്ല, സ്ഥാനക്കയറ്റം നൽകുകയാണ് ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹത്തെ ദേവികുളം സബ് കളക്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഎം മന്ത്രിസഭയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കോടിയേരി വിശദീകരിച്ചു.

കാസർകോട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു കോടിയേരി. “ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സംഭവത്തിൽ സിപിഐ ക്ക് എതിർപ്പുണ്ടോയെന്ന് അറിയില്ല. ഇക്കാര്യം തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. മന്ത്രിസഭയുടെ കൂട്ടായ തീരുമാനപ്രകാരമാണ് സ്ഥാനക്കയറ്റം നൽകിയത്”, കോടിയേരി ചൂണ്ടിക്കാട്ടി.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ് കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി എപ്ലോയ്മെന്റ് ഡയറക്ടറായി നിയമിച്ചത്. വയനാട് സബ് കളക്ടർ പ്രേംകുമാറിനാണ് ദേവികുളം സബ് കളക്ടറുടെ ചുമതല കൈമാറിയത്.

അതേസമയം ഭൂമാഫിയകൾക്ക് വേണ്ടിയാണ് ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. “ഭരണപരമായ നടപടിയെന്ന് സർക്കാർ വ്യാഖ്യാനിക്കുമ്പോഴും അതാരെയാണ് സഹായിക്കുകയെന്ന് എല്ലാവർക്കും അറിയാം. ഇത് റവന്യു വകുപ്പ് ഭരിക്കുന്ന സിപിഐക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.” കുമ്മനം പറഞ്ഞു.

“കയ്യേറ്റക്കാരുടെ കണ്ണിലെ കരടായി മാറിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. സ്ഥാനക്കയറ്റം നൽകിയതിന്റെ പേരിൽ അദ്ദേഹത്തെ സ്ഥലം മാറ്റേണ്ടതുണ്ടായിരുന്നില്ല. സർക്കാരിന് കൈയ്യേറ്റക്കാരോടാണ് താത്പര്യം എന്ന് ഇതിലൂടെ വ്യക്തമായി”, കുമ്മനം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥലം മാറ്റത്തെ കുറ്റപ്പെടുത്തി നിലപാട് സ്വീകരിച്ചു. “ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് റിസോർട്ട് മാഫിയകളെ സഹായിക്കാനാണ്. സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ നിലപാടെടുത്ത വെങ്കിട്ടരാമനെ നിലനിർത്തുകയായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ സിപിഐ നിലപാട് വ്യക്തമാക്കണം”, രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ